Thodupuzha

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ ഭീതിയില്‍ ഇടുക്കി

തൊടുപുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ല മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ ഭീതിയില്‍. തിങ്കളാഴ്ച മണ്ണിടിഞ്ഞ് റോഡിലേക്ക് പതിച്ച്‌ ഹൈറേഞ്ചില്‍ പല മേഖലകളിലും ഗതാഗതം മുടങ്ങി.പീരുമേട് താലൂക്കില്‍ ദേശീയപാതയില്‍ നാലിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്.വണ്ണപ്പുറം- കോട്ടപ്പാറ റോഡിലേക്ക് കൂറ്റന്‍ കല്ല് വീണ് ഗതാഗതം തടസ്സപ്പെട്ടു. തലക്കോട്- മുള്ളരിങ്ങാട് റോഡില്‍ അമേല്‍തൊട്ടി ഭാഗത്ത് റോഡിന്റെ അരികിടിഞ്ഞു. കുട്ടിക്കാനം പൊലീസ് ക്യാമ്പിന് സമീപം ദേശീയപാതയില്‍ ഒരു വശത്ത് സംരക്ഷണഭിത്തിയുടെ കെട്ടിടിഞ്ഞു. പന്നിമറ്റം- കുളമാവ് റോഡില്‍ കോഴിപ്പള്ളി ഭാഗത്ത് ഗതാഗതം തടസ്സപ്പെട്ടു.  ഇന്നലെ ജില്ലയിലെമ്പാടും കനത്ത മഴയാണ് ലഭിച്ചത്- 40.88 മില്ലി മീറ്റര്‍. ഇടുക്കി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്- 89 മില്ലി മീറ്റര്‍.

ദുരിതാശ്വാസ ക്യാമ്പ്‌ തുറന്നു
കൊക്കയാര്‍, വടക്കേമല മേഖലയില്‍ മഴ ശക്തമായതോടെ നാല് കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. കൊക്കയാര്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മുക്കുളം, പൂവഞ്ചി, കുറ്റിപ്ലങ്ങാട് എന്നിവിടങ്ങളിലാണ് ക്യാമ്പ്‌ തുറന്നത്.

അടിയന്തര സാഹചര്യങ്ങളില്‍ വിളിക്കാം
ജില്ലയില്‍ റെഡ് അലര്‍ട്ടായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ജില്ലതലത്തില്‍ ജില്ല അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഫോണ്‍ നമ്പറുകള്‍ :ജില്ല അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം (ഡി.ഇ.ഒ.സി) 9383463036, 7034447100, 04862 233111, 04862 233130.

Related Articles

Back to top button
error: Content is protected !!