Thodupuzha

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ച കേസ്; യുവാവിന് രണ്ടു വര്‍ഷം തടവും പിഴയും

 

തൊടുപുഴ: സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിന് രണ്ടു വര്‍ഷം തടവും പിഴയും. വെങ്ങല്ലൂര്‍ പള്ളിക്കുറ്റി പാലാട്ട് ഷാനവാസിനെയാണ് തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പി.കെ.ജിജിമോള്‍ ശിക്ഷിച്ചത്. 2021 സെപ്റ്റംബര്‍ 23 നായിരുന്നു സംഭവം. ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന യുവതിയെ നഗരമധ്യത്തില്‍ വച്ച് കടന്നു പിടിച്ച് അപമാനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. പെണ്‍കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ പ്രതിയെ പിടി കൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അപമാനിച്ചതിന് ഒന്നര വര്‍ഷം തടവിനു പുറമെ ദുരുദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചതിനാണ് ആറു മാസം കഠിന തടവ് വിധിച്ചത്. രണ്ടു ശിക്ഷയും ഒന്നിച്ചനുഭവിച്ചാല്‍ മതി. കൂടാതെ 5000 പിഴയും ഒടുക്കണം. തൊടുപുഴ എസ്.ഐ ബിജു ജേക്കബ് അന്വേഷിച്ച കേസില്‍ ദൃക്സാക്ഷികള്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയിരുന്നു.

Related Articles

Back to top button
error: Content is protected !!