Thodupuzha

യുവാവിന് വനം ഉദ്യോഗസ്ഥരുടെ മര്‍ദനം: തല്‍സ്ഥിതി അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തൊടുപുഴ : ഇടുക്കി കിഴുകാനം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ പട്ടികവര്‍ഗ യുവാവിനെ കേസില്‍ കുടുക്കി മര്‍ദിച്ച സംഭവത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഇതു വരെ സ്വീകരിച്ച
നടപടികളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. സംഭവത്തില്‍ ക്യത്യ വിലോപം ഉണ്ടായിട്ടുണ്ടെന്ന് ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കമ്മീഷനെ അറിയിച്ച സാഹചര്യത്തിലാണ് നടപടി. വിഷയത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ടെന്ന് തൊടുപുഴയില്‍ നടന്ന സിറ്റിംഗില്‍ പരാതിക്കാരനായ സരുണ്‍ സജി കമ്മിഷനെ അറിയിച്ചു. ചില ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിട്ടുള്ളതായി വനം വകുപ്പ് അറിയിച്ചു.
കാട്ടിറച്ചി കടത്തി എന്ന പേരില്‍ കണ്ണംപടി പുത്തന്‍ പുരയ്ക്കല്‍ സരുണ്‍ സജിയെയും ഒപ്പം ഇയാള്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷയും കിഴുകാനം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് വന്‍മാവ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് സരുണിനെ പിടികൂടിയത് എന്നായിരുന്നു വനം വകുപ്പ് ഉദ്യോഗസ്തര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ഇത് കള്ളക്കേസ് ആണെന്നാണ് സരുണ്‍ സജിയുടെ വാദം. തൊടുപുഴയില്‍ നടന്ന സിറ്റിംഗില്‍ 37 കേസുകള്‍ പരിഗണിച്ചു.

 

Related Articles

Back to top button
error: Content is protected !!