Thodupuzha

11-ാം വയസില്‍ കരാട്ടേയില്‍ ബ്ലാക്ക് ബല്‍റ്റ്: ലോകത്തിലെ ആദ്യ ട്രിപ്പേഴ്‌സ് അവാര്‍ഡ് വാഴത്തോപ്പിലേക്ക്

ഇടുക്കി: പതിനൊന്നാം വയസില്‍ കരാട്ടേയില്‍ ബ്ലാക്ക് ബല്‍റ്റ് കരസ്ഥമാക്കുന്ന ലോകത്തിലെ ആദ്യ ട്രിപ്പേഴ്‌സായി തെരഞ്ഞെടുക്കപ്പെട്ട ആല്‍ബിന്‍ ബാബു, അഞ്ജുമോള്‍ ബാബു, എബിന്‍ ബാബു എന്നിവര്‍ സംസ്ഥാനത്തിനുതന്നെ അഭിമാനമായിരിക്കയാണ്. ഇടുക്കി-വാഴത്തോപ്പ് സ്വദേശികളായ ഈ മൂവര്‍ സംഘം കരസ്ഥമാക്കിയിരിക്കുന്നത് അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡും, ഹൈറേഞ്ച് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡുമാണ്. ലോകത്തില്‍ ഇന്നോളം ആര്‍ക്കുംതന്നെ പതിനൊന്നാം വയസില്‍ ഷിറ്റോറിയോ കരാട്ടേയില്‍ ബ്ലാക്ക് ബല്‍റ്റ് ലഭിച്ചിട്ടില്ല. നാല് വര്‍ഷം മുമ്പ് ലഭിച്ച ബ്ലാക്ക് ബല്‍റ്റിനുള്ള ലോക റെക്കോര്‍ഡുകള്‍ ലഭിക്കാന്‍ നാലുവര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു. കേരളത്തില്‍ നിന്നുള്ള മൂന്നംഗ ജൂറിയുള്‍പ്പെടെ നിരവധി പേരുടെ നിരീക്ഷണത്തിനും അന്വേഷണങ്ങള്‍ക്കു മൊടുവിലാണ് അവാര്‍ഡ് ഈ അപൂര്‍വ സഹോദരങ്ങളെ തേടിയെത്തിയത്. ജനനത്തിലും ഇവര്‍ ഒരുമിച്ച്. ലോക റെക്കോഡിലും ഇവര്‍ ഒരുമിച്ചാണ്. വാഴത്തോപ്പ് കളത്തിങ്കല്‍ ബാബുവിന്റെയും നിമ്മിയുടെയും മക്കളാണ് ഈ കൊച്ചുമിടുക്കര്‍. രണ്ടാം ക്ലാസ് മുതല്‍ ഭൂമിയാംകുളം സ്വദേശി മുണ്ടനാനിയില്‍ എം.എ ജോസിന്റെ (ലാലു) ശിക്ഷ്യത്വത്തിലാണ് കരാട്ടേയില്‍ പരിശീലനം നടത്തിയത്. ഇദ്ദേഹത്തിന്റെ ശിക്ഷ്യത്വത്തില്‍ ബ്ലാക്ക് ബല്‍റ്റ് ലഭിച്ചിരുന്നു. 2018ല്‍ വാഹനാപകടത്തില്‍ ഇവരുടെ പരിശീലകനായ ലാലുവിന്റെ ഇരുകാലുകളും മുട്ടിനു മുകളില്‍ വച്ച് മുറിച്ചു മാറ്റിയിരുന്നു. കാലുകള്‍ നഷ്ടപ്പെട്ടെങ്കിലും ലാലു പഞ്ചഗുസ്തിയില്‍ നിരവധിപേര്‍ക്ക് പരിശീലനം നല്‍കുന്നുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും മകളും ഉള്‍പ്പെടെ നിരവധിപേര്‍ പഞ്ചഗുസ്തിയില്‍ ദേശീയ അന്തര്‍ ദേശീയ തലത്തില്‍ വിജയം കരസ്ഥമാക്കിയിട്ടുണ്ട്. ലാലുവിനുശേഷം കുട്ടികളുടെ പരിശീലനം പറവൂരിലുള്ള എന്‍.വിജയകുമാറിന്റെ ന്യൂ കൈ-ഷീന്‍ ഖാന്‍ ഷിറ്റോറിയോ കരാട്ടേ സ്‌കൂളിന്റെ കീഴില്‍ ഓണ്‍ലൈനായാണ് നടത്തിയത്. ഇദ്ദേഹത്തിന്റെ കീഴില്‍ മൂവര്‍ സംഘം കരാട്ടേയില്‍ സെക്കന്റ് ഡാന്‍ കരസ്ഥമാക്കി റെഡ് ബല്‍റ്റിലേക്കുള്ള ആദ്യ പടി വിജയിച്ചിരിക്കയാണ്. പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മികവുപുലര്‍ത്തുന്ന ഈ അപൂര്‍വ സഹോദരങ്ങള്‍ ഇപ്പോള്‍ വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ്. ലോക റെക്കോഡുകള്‍ സ്വന്തമാക്കിയ സഹോദരങ്ങള്‍ക്ക് സ്‌കൂളില്‍ അധ്യാപകരും സഹപാഠികളും വലിയ സ്വീകരണമാണ് നല്‍കിയിത്. ഗിന്നസ് റേക്കോഡ് ഉള്‍പ്പെടെയുള്ള അവാര്‍ഡുകള്‍ക്കായി പരിശീലനം തുടരുകയാണിവര്‍.

Related Articles

Back to top button
error: Content is protected !!