ChuttuvattomThodupuzha

18-ാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവല്‍ 8 മുതല്‍

തൊടുപുഴ : 18-ാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവല്‍ 8 മുതല്‍ 11വരെ നടക്കും. നഗരസഭയും തൊടുപുഴ ഫിലിം സൊസൈറ്റിയും ചേര്‍ന്ന് കേരള ചലച്ചിത്ര അക്കാദമിയുടെയും എഫ്എഫ്എസ്എയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 18-ാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവല്‍ വ്യാഴാഴ്ച മുതല്‍ 11 വരെ സില്‍വര്‍ ഹില്‍സ് സിനിമാസില്‍ നടക്കും. ആകെ 16 സിനിമകളാണുള്ളത്. ഇതില്‍ 4 മലയാള ചിത്രങ്ങള്‍. ജോഷി മാത്യു സംവിധാനം ചെയ്ത നൊമ്പരക്കൂട് ആണ് ഉദ്ഘാടന ചിത്രം. ദിവസേന നാല് പ്രദര്‍ശനങ്ങളുണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.മീറ്റ് ദ ഡയറക്ടര്‍, ഓപ്പണ്‍ ഫോറം, കലാസായാഹ്നങ്ങള്‍ എന്നിവയും സംഘടിപ്പിക്കും. 8ന് വൈകിട്ട് 5ന് തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനംചെയ്യും. ഫിലിം സൊസൈറ്റി പ്രസിഡന്റ് എന്‍ രവീന്ദ്രന്‍ അധ്യക്ഷനാകും. സംവിധായകന്‍ ജോഷി മാത്യു മുഖ്യാതിഥിയാകും. അഭിനേതാക്കളായ സോമു മാത്യു, ഹര്‍ഷിത, ബിച്ചു അനീഷ്, ഡോ. സ്മിതാ പിഷാരടി തുടങ്ങിയവര്‍ പങ്കെടുക്കും. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസ്സി ആന്റണി, സ്ഥിരംസമിതി അധ്യക്ഷരായ കെ ദീപക്, ഷീജ ഷാഹുല്‍ഹമീദ്, അബ്ദുള്‍ കരീം, ബിന്ദു പത്മകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

8ന് പകല്‍ 10.30ന് വേര്‍ ദ ട്രാക്‌സ് എന്‍ഡ്, 2ന് മൈ സ്വീറ്റ് പെപ്പര്‍ ലാന്‍ഡ്, വൈകിട്ട് 6ന് നൊമ്പരക്കൂട്, രാത്രി 8.15ന് പെറ്റിറ്റ് മാമന്‍. രണ്ടാംനാള്‍ ഇതേ സമയക്രമത്തില്‍ സിഗര്‍ണോ ജെസ്റ്റോ, ഡ്രൈവ് മൈ കാര്‍, വൈറല്‍ സെബി എന്നിവയും രാത്രി 8ന് ട്വന്റിത് സെഞ്ച്വറി ഗേളും കാണാം. മൂന്നാംദിവസം ഇതേ സമയക്രമത്തില്‍ യു വില്‍ ഡൈ അറ്റ് ട്വന്റി, ദ ഷോഷാങ്ക് റിഡെംപ്ഷന്‍, ആണ്, ചാംപ്യന്‍ എന്നിവ പ്രദര്‍ശിപ്പിക്കും. സമാപന ദിവസമായ 11ന് പേര്‍ഷ്യന്‍ ലെസണ്‍സ്, ട്വല്‍ത് മാന്‍, വനിത, ഗൈ റിച്ചീസ് ദ കോണ്‍വന്റ് എന്നിവയും കാണാം. മുഴുവന്‍ പ്രദര്‍ശനങ്ങളും കാണാന്‍ 200 രൂപയാണ് നിരക്ക്. 18വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 100 രൂപയാണ് നിരക്ക്. സ്‌പോട് രജിസ്‌ട്രേഷനുമുണ്ട്. സമാപന സമ്മേളനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിവല്‍ ബുക്ക് ഇടുക്കി പ്രസ് ക്ലബ് സെക്രട്ടറി ജെയ്‌സ് വാട്ടപ്പള്ളിക്ക് കൈമാറി ചെയര്‍മാന്‍ പ്രകാശിപ്പിച്ചു.
ഫോണ്‍: 9447776524, 9447824923.

Related Articles

Back to top button
error: Content is protected !!