IdukkiThodupuzha

ഇടുക്കി ജില്ലയിൽ ഹയർ സെക്കൻഡറി പരീക്ഷ എഴുതാൻ 19,164 പേർ

 

തൊടുപുഴ: ജില്ലയില്‍ 82 കേന്ദ്രങ്ങളിലായി 19,164 വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതും. ഇവരില്‍ 9572 പേര്‍ പ്ലസ് ടു പരീക്ഷയും 9592 കുട്ടികള്‍ പ്ലസ് വണ്‍ പരീക്ഷയുമാണ് എഴുതുന്നത്. കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തുന്നത് മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ്.
ഇവിടെ 789 കുട്ടികള്‍ പരീക്ഷ എഴുതും. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷ എഴുതുന്നത് വട്ടവട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് -28 പേര്‍. എല്ലാ സെന്ററിലും പരീക്ഷക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ പറഞ്ഞു. ചോദ്യ പേപ്പറുകള്‍ അതത് സ്‌കൂളുകളില്‍ സുരക്ഷിതമായി എത്തിച്ചു. പരീക്ഷ ഡ്യൂട്ടിക്ക് 1200ഓളം അധ്യാപകരെ ചുമതലപ്പെടുത്തി. ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ ജില്ലയില്‍ തികയാതെ വന്നതോടെ 230 അധ്യാപകരെ സ്‌കൂള്‍ വിഭാഗത്തില്‍നിന്ന് ഡ്യൂട്ടിക്ക് എടുത്തിട്ടുണ്ട്.
ഒരു പരീക്ഷ സെന്ററില്‍ ചീഫ് സൂപ്രണ്ടും രണ്ട് ഡെപ്യൂട്ടി സൂപ്രണ്ടുമാരുമുണ്ടാകും. ലോറേഞ്ചിലും ഹൈറേഞ്ചിലും പ്രത്യേക സ്‌ക്വാഡും പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട പരിശോധക്കായി ഉണ്ടാകും. പരീക്ഷകളില്‍ ക്രമക്കേടുകളില്ലെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.റീജനല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലായിരിക്കും സ്‌ക്വാഡ്. ഇവര്‍ സ്‌കൂളുകളില്‍ മിന്നല്‍ പരിശോധന നടത്തും. പരീക്ഷ 30ന് സമാപിക്കും.

 

 

Related Articles

Back to top button
error: Content is protected !!