Thodupuzha

ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിനെ ഡി.വൈ.എഫ് ഐ – സി.പി.എം പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധം

തൊടുപുഴ: ഇടുക്കി ഡിസിസി പ്രസിഡന്‍റ് സി.പി. മാത്യുവിന് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റതിനെത്തുടർന്ന് നഗരത്തിൽ സംഘർഷാവസ്ഥ. മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ച് തൊടുപുഴയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ യോഗത്തിനിടെയാണ് സി.പി. മാത്യുവിന് മർദ്ദനമേറ്റത്. അദ്ദേഹത്തിന്‍റെ കാറിനുനേരെ കല്ലേറുമുണ്ടായി. ഇന്നലെ രാത്രിയാണ് സംഭവം. പരിക്കേറ്റ സി.പി. മാത്യുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

രാവിലെ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡിസിസിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഉച്ചകഴിഞ്ഞ് സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന എച്ച്ആർഡിഎസിന്‍റെ ഓഫീസിലേക്ക് സിപിഎമ്മിന്‍റെ നേതൃത്വത്തിലും പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. രാത്രിയോടെ ഡിവൈഎഫ്ഐ പ്രവർത്തകർ നഗരത്തിൽ മാർച്ചും യോഗവും നടത്തി. ഇതിനിടെയാണ് അതുവഴി പോയ ഡിസിസി പ്രസിഡന്‍റ് സി.പി. മാത്യുവിന്‍റെ കാറിനുനേരെ ആക്രമണമുണ്ടായത്. നെറ്റിയിലും തലയ്ക്കുമാണ് പരിക്കേറ്റത്.

 

കോണ്‍ഗ്രസ് നേതാക്കളെ ഡൽഹി പോലീസ് കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് ഡിസിസിയുടെ നേതൃത്വത്തിൽ മുട്ടത്ത് നടന്ന യോഗത്തിൽ പങ്കെടുത്ത് തൊടുപുഴ രാജീവ് ഭവനിലേക്ക് വരികയായിരുന്നു ഡിസിസി പ്രസിഡന്‍റ്. ഈസമയം തൊടുപുഴ ഗാന്ധി സ്ക്വയറിൽ മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ പ്രതിഷേധം നടക്കുകയായിരുന്നു. അവിടെയെത്തിയപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകർ അദ്ദേഹത്തിന്‍റെ വാഹനം തടയുകയായിരുന്നു. ആക്രമണത്തിൽ കാറിന്‍റെ മുൻവശം, സൈഡ്, റിയർ വ്യൂ മിററുകൾ തുടങ്ങിയവയ്ക്ക് കേടുപാടുണ്ട്.

Related Articles

Back to top button
error: Content is protected !!