Thodupuzha

തൊടുപുഴ ബ്ലോക്ക് ആരോഗ്യമേള നടത്തും.

 

തൊടുപുഴ : ആരോഗ്യ വകുപ്പിന്റെയും തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ കരിങ്കുന്നം സെന്റ് അഗസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് (2) തൊടുപുഴ ബ്ലോക്ക് ആരോഗ്യമേള നടത്തും. ആരോഗ്യവകുപ്പിന്റെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുകയും സര്‍ക്കാര്‍ സേവനങ്ങള്‍ ഫലപ്രദമായി പൊതുജനങ്ങളിലെത്തിക്കുകയുമാണ് മേളയുടെ ലക്ഷ്യം. ആരോഗ്യവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വെല്‍നെസ് സെന്ററുകളുടെ പ്രവര്‍ത്തനങ്ങളെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയും, ഗ്രാമീണ ജനതയുടെ മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനും ആരോഗ്യമേളയിലൂടെ ലക്ഷ്യമിടുന്നു. ആരോഗ്യമേഖലയിലെ നൂതന ആശയമായ ‘ഏക ലോകം, ഏക ആരോഗ്യം’ എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാക്കി പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള ശ്രമമാണ് മേളയിലൂടെ നടത്തുന്നത്. അലോപ്പതി, ആയുര്‍വേദ, ഹോമിയോ തുടങ്ങിയ വിഭാഗങ്ങളുടെയും, മറ്റ് സര്‍ക്കാര്‍ വകുപ്പുകളായ എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, സാമൂഹ്യനീതി വകുപ്പ് കുടുംബശ്രീ, ഫുഡ് സേഫ്റ്റി, കൃഷി, മൃഗസംരക്ഷണം, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനം, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളുടെ സേവനങ്ങളും ബോധവത്കരണ പരിപാടികളും മേളയില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ജീവിത ശൈലി രോഗനിര്‍ണ്ണയ ക്യാമ്പ്, രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ്, നേത്ര പരിശോധനാ ക്യാമ്പ്, ഡെന്റല്‍ ക്യാമ്പ്, കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് എന്നീ സേവനങ്ങള്‍ മേളയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാണ്. ഇതോടൊപ്പം വിവിധ ആരോഗ്യ ബോധവത്ക്കരണ സ്റ്റാളുകള്‍, സെമിനാറുകള്‍ എന്നിവയും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. മേളയില്‍ എത്തുന്നവരുടെ മാനസിക ഉല്ലാസത്തിനു വേണ്ടി വിവിധ കലാപരിപാടികളും ഒരുക്കും.

    രാവിലെ ഒമ്പതിന് ആരോഗ്യ സന്ദേശറാലിയോടു കൂടി മേള ആരംഭിക്കും. റാലി കരിങ്കുന്നം സി.ഐ പ്രിന്‍സ് ജോസഫ് ഫ്‌ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനം പി.ജെ. ജോസഫ് എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് ആരോഗ്യ സന്ദേശം നല്‍കും. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ. അനൂപ് വിഷയാവതരണം നിര്‍വ്വഹിക്കും. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് സ്വാഗതവും തൊടുപുഴ ബി.ഡി.ഒ വി.ജി. ജയന്‍ നന്ദിയും പറയും.

Related Articles

Back to top button
error: Content is protected !!