ChuttuvattomThodupuzha

സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ 4 .5 കോടി രൂപ ഉപ്പുതറ പഞ്ചായത്തിന് നഷ്ടമായി

ഉപ്പുതറ: പദ്ധതി സമര്‍പ്പിക്കാന്‍ വൈകിയതു മൂലം സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ 4.5 കോടി രൂപ ഉപ്പുതറ പഞ്ചായത്തിന് നഷ്ടമായി.ടെക്‌നിക്കല്‍ അസിസ്റ്റന്റിന്റെ മനഃപൂര്‍വമായ വീഴ്ച മൂലം ഇടുക്കി ജില്ലയ്ക്കുതന്നെ നേട്ടമാകുമായിരുന്ന പദ്ധതിയാണ് നഷ്ടമായത്. അന്താരാഷ്ട്ര ഒളിംപിക്‌സില്‍ ഉള്‍പ്പെടെ നേട്ടം കൈവരിച്ച ഉപ്പുതറയിലെ താരങ്ങളുടെ കായികസ്വപ്നത്തിനും ഇതോടെ മങ്ങലേറ്റു.  ജനുവരി 16നായിരുന്നു ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്സ് സമ്മിറ്റ് കേരള (ഐഎസ്എസ്‌കെ) മുമ്പാകെ പദ്ധതി സമര്‍പ്പിക്കേണ്ടിയിരുന്നത്. ഇതിന് ആവശ്യമായ നിര്‍ദേശം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കിയിരുന്നു. എന്നാല്‍, പഞ്ചായത്ത് ഭരണസമിതി ഇതിനു നിയോഗിച്ച ഉദ്യോഗസ്ഥന്‍ (ടെക്‌നിക്കന്‍ അസിസ്റ്റന്റ്) സമയപരിധിക്കുള്ളില്‍ പദ്ധതി സമര്‍പ്പിച്ചില്ല. ജനുവരി 10ന് പഞ്ചായത്ത് പ്രസിഡന്റ് നേരിട്ടു രണ്ടുതവണ നിര്‍ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍, 17നാണ് പദ്ധതി സമര്‍പ്പിച്ചത്. അപ്പോഴേക്കും സമയം കഴിഞ്ഞിരുന്നു.

അനുവദിച്ച സമയത്തിനുള്ളില്‍ നല്‍കാത്തതിനാല്‍ പദ്ധതി നിരസിച്ചുകൊണ്ടുള്ള അറിയിപ്പ് കിട്ടിയപ്പോഴാണ് ഉദ്യോഗസ്ഥന്റെ വീഴ്ച ഭരണസമിതി അറിയുന്നത്. ഗാലറിയോടെ ഫുട് ബോള്‍ ഗ്രൗണ്ട് (രണ്ടുകോടി). കായികാധ്യാപക ട്രെയിനിംഗ് സെന്റര്‍, മള്‍ട്ടി ജിംനേഷ്യം (1.5കോടി), നഗരത്തിനു സമീപം പവലിയന്‍ ഉള്‍പ്പെടെ വോളിബോള്‍ ഗ്രൗണ്ട് (50 ലക്ഷം) ഷട്ടില്‍ ബാറ്റ്മിന്റന്‍ കോര്‍ട്ട് , വടം വലി പിറ്റ് (50 ലക്ഷം) ഇങ്ങനെ അത്യാധുനിക സൗകര്യത്തോടെയുള്ള കായികസംരംഭമാണ് ഭരണസമിതി വിഭാവന ചെയ്തത്. മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് ഇതിന് ആവശ്യത്തിനുള്ള സ്ഥലവും പഞ്ചായത്തിനുണ്ടായിരുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ഇയാള്‍ക്കതിരേ നിരവധി ആരോപണങ്ങള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. ഒരു മാസം മുമ്പ് രാത്രി ഓഫീസിനുള്ളിലിരുന്ന് മദ്യപിച്ചത് ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു. അന്നു പ്രദേശവാസികള്‍ പ്രശ്‌നമുണ്ടാക്കിയത് പോലീസ് എത്തിയാണ് പരിഹരിച്ചത്. ഇതില്‍ ഷോക്കോസ് നോട്ടീസ് നല്‍കി ഇയാള്‍ക്കെതിരേയുള്ള നടപടി അവസാനിപ്പിക്കാനുള്ള നീക്കത്തില്‍ ഭരണസമിതിക്കുള്ളിലും ശക്തമായ എതിര്‍പ്പുണ്ട്.

 

Related Articles

Back to top button
error: Content is protected !!