ChuttuvattomThodupuzha

ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ കൃഷിയിടത്തില്‍ വീണ്ടും കാട്ടാന ആക്രമണം

തൊടുപുഴ: ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ കൃഷിയിടത്തില്‍ വീണ്ടും കാട്ടാന ആക്രമണം. ഇത്തവണ വേളൂര്‍ പൊങ്ങംതോട് ഭാഗത്താണ് കാട്ടാനക്കൂട്ടമിറങ്ങിയത്. കഴിഞ്ഞ ശനിയാഴ്ചയും പിന്നീട് ചൊവ്വാഴ്ചയും ഈ മേഖലയില്‍ കാട്ടാനകളെത്തി കൃഷി നശിപ്പിച്ചു. ശനിയാഴ്ച എത്തിയ കാട്ടാനകള്‍ വാഴയില്‍ ജോണിയുടെ വാഴകൃഷിയാണ് വ്യാപകമായി നശിപ്പിച്ചത്. ചൊവ്വാഴ്ച ഇതിനു സമീപത്തു തന്നെയുള്ള വാഴകാട്ട് മേരിയുടെ കൃഷിയിടത്തിലെ വിളകളാണ് നശിപ്പിച്ചത്. ഏതാനും ദിവസം മുന്‍പ് അമയപ്ര ഭാഗത്തും തൊമ്മന്‍കുത്തിലും കൃഷിയിടങ്ങളില്‍ കാട്ടാന ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷവും വേളൂര്‍ ഭാഗത്ത് കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചിരുന്നു. വാഴയില്‍ സണ്ണിയുടെ കൃഷിയാണ് അന്ന് നശിപ്പിച്ചത്. പിന്നീട് ഇപ്പോഴാണ് കാട്ടാനകളെത്തുന്നത്. സര്‍ക്കാര്‍ പതിച്ചു നല്‍കിയ പട്ടയഭൂമിയിലാണ് കര്‍ഷകര്‍ താമസിക്കുന്നത്. ഇതിനു ചുറ്റും തേക്ക് പ്ലാന്റേഷനാണ്. വേളൂര്‍ വനത്തില്‍ നിന്നാണ് കാട്ടാനകളെത്തുന്നത്. തുടര്‍ച്ചയായി കാട്ടാനകള്‍ ജനവാസമേഖലയിലിറങ്ങുന്നത് ഇവരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. കുട്ടിയാന ഉള്‍പ്പെടെയുള്ള ഏഴംഗ ആനക്കൂട്ടമാണ് പ്രദേശത്തു തമ്പടിച്ചിരിക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. രാത്രിയില്‍ എത്തുന്ന ആനകളെ നാട്ടുകാര്‍ പടക്കംപൊട്ടിച്ചും പാട്ടകൊട്ടി ശബ്ദമുണ്ടാക്കിയുമാണ് തുരത്തുന്നത്. എന്നാല്‍ രാത്രിയില്‍ വീണ്ടും ഇവ എത്തുന്നത് നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്. രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ വൈദ്യുതി വേലി സ്ഥാപിച്ചാല്‍ കാട്ടാന ശല്യം ചെറുക്കാന്‍ കഴിയുമെന്ന് നാട്ടുകാര്‍ പറഞ്ഞു. വനംവകുപ്പ് ഇതിനായുള്ള നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

 

Related Articles

Back to top button
error: Content is protected !!