Thodupuzha

സംസ്ഥാനത്ത് 57 ശതമാനം മഴക്കുറവ്.

ഇന്നലെ വരെ 251.8 മില്ലീമീറ്റർ മഴയാണ് കാലവർഷത്തിന്‍റെ ഭാഗമായി കേരളത്തിൽ പെയ്യേണ്ടിയിരുന്നത്.

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുന്പോൾ സംസ്ഥാനത്ത് 57 ശതമാനം മഴക്കുറവ്. ഇന്നലെ വരെ 251.8 മില്ലീമീറ്റർ മഴയാണ് കാലവർഷത്തിന്‍റെ ഭാഗമായി കേരളത്തിൽ പെയ്യേണ്ടിയിരുന്നത്. എന്നാൽ പെയ്തത് 108.6 മില്ലീമീറ്റർ മാത്രം. എല്ലാ ജില്ലകളും മഴക്കുറവ് തുടരുകയാണ്. പാലക്കാട്, വയനാട്, ഇടുക്കി, കാസർഗോഡ് ജില്ലകളിലാണ് മഴക്കുറവ് രൂക്ഷമായി തുടരുന്നത്.

 

പാലക്കാട് 79 ശതമാനവും വയനാട്ടിൽ 76 ശതമാനവും ഇടുക്കി, കാസർഗോഡ് ജില്ലകളിൽ 70 ശതമാനവും മഴക്കുറവാണ് ഇന്നലെവരെ രേഖപ്പെടുത്തിയിട്ടുള്ളത്. കാലവർഷത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ മഴ ലഭിച്ച പത്തനംതിട്ട ജില്ലയിൽ 27 ശതമാനമാണ് മഴക്കുറവ്. ഇക്കുറി കാലവർഷത്തിന്‍റെ ആദ്യപാദങ്ങളിൽ മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ.

 

ജൂണ്‍, ജൂലൈ മാസങ്ങളിൽ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കിൽ ഓഗസ്റ്റ് മഴയിൽ മുങ്ങുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഓഗസ്റ്റ് മാസത്തിൽ പെയ്യുന്ന കനത്ത മഴ കേരളത്തിൽ വലിയ നാശനഷ്ടങ്ങളാണ് സൃഷ്ടിക്കുന്നത്.

 

2018 ഓഗസ്റ്റിലാണ് കേരളത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയപ്പേമാരിയുണ്ടായത്. ഇക്കുറിയും ഓഗസ്റ്റിൽ മഴ കനക്കാനിടയുണ്ടെന്ന വിലയിരുത്തൽ സംസ്ഥാനത്തിന്‍റെ നേഞ്ചിടിപ്പേറ്റുകയാണ്.

Related Articles

Back to top button
error: Content is protected !!