ജലനിരപ്പുയരാതെ ജില്ലയിലെ അണക്കെട്ടുകൾ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/09/dammmmmm.jpg?resize=650%2C345&ssl=1?v=1694312429)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: മഴ ശക്തമാകാത്തതിനാൽ ജില്ലയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നതു മെല്ലെ. ഇടവേളകളിൽ ചാറ്റൽമഴ മാത്രമാണ് പലപ്രദേശങ്ങളിലും ലഭിക്കുന്നത്. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ 22.02 മില്ലമീറ്റർ മഴ മാത്രമാണ് ജില്ലയിൽ ലഭിച്ചത്. രണ്ടുദിവസം മുന്പ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം മൂലം സംസ്ഥാനത്ത് മഴ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ മഴ ശക്തമാകാത്തതിനാൽ അണക്കെട്ടുകളിലെ ജലനിരപ്പ് കാര്യമായി ഉയർന്നിട്ടില്ല. ഇതു വൈദ്യുതോത്പാദനത്തെ ബാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ജില്ലയിലെ ഒട്ടുമിക്ക അണക്കെട്ടുകളിലും ജലനിരപ്പ് സംഭരണ ശേഷിയുടെ പകുതിയിൽ താഴെയാണ്. കാലവർഷം അവസാനിക്കാൻ ഇനി 20 ദിവസം മാത്രമാണുള്ളത്. ഇടുക്കിയിൽ സംഭരണ ശേഷിയുടെ 31 ശതമാനം വെള്ളമാണ് നിലവിലുള്ളത്. ചെറിയ അണക്കെട്ടായ കുണ്ടളയിൽ 88 ശതമാനം വെള്ളമുണ്ടെങ്കിലും മാട്ടുപ്പെട്ടി-57, ആനയിറങ്കൽ-31, പൊൻമുടി-40, നേര്യമംഗലം-58, ലോവർപെരിയാർ-55 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ ജലനിരപ്പ്.
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഇവിടെ വൈദ്യുതോത്പാദനം ഗണ്യമായി കുറച്ചിട്ടുണ്ട്. വൈദ്യുതോത്പാദനത്തിനു ശേഷം പുറന്തള്ളുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ മലങ്കര അണക്കെട്ടിലേക്ക് വെള്ളം ഒഴുകിയെത്തുന്ന നാച്ചാർ, വലിയാർ തുടങ്ങിയ പുഴകളിലെ ജലനിരപ്പും കുറഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ചവരെ ജില്ലയിൽ മഞ്ഞ അലർട്ട് മുന്നറിയിപ്പാണുള്ളത്. ജില്ലയിലെ ചിലയിടങ്ങളിൽ ഭേദപ്പെട്ട മഴ പെയ്യുന്നുണ്ടെങ്കിലും 60 ചതുരശ്ര കിലോമീറ്റർ ദൂരം വരുന്ന ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കാര്യമായ മഴ ലഭിക്കാത്തതാണ് ജലനിരപ്പ് ഉയരാത്തതിനു കാരണം. കാലവർഷം കാര്യമായി പെയ്യാത്തതിനാൽ ഇനി തുലാവർഷം കനിഞ്ഞെങ്കിലേ പ്രതീക്ഷയ്ക്കു വകയുള്ളൂ.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)