പൂമാല ഉമാമഹേശ്വര ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തി തുറന്ന് മോഷണം
പൂമാല: ഉമാമഹേശ്വര ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിനുള്ളിലെ ചെറിയ ഭണ്ഡാരം കുത്തി തുറന്ന് പണം മോഷ്ടിച്ചു. പുറത്തെ വലിയ ഭണ്ഡാരം പൊളിക്കാന്‍ നോക്കിയെങ്കിലും കഴിയാത്തതിനെ തുടര്‍ന്ന് പണം നഷ്ടപ്പെട്ടില്ല. തിങ്കളാഴ്ച രാവിലെ ദര്‍ശനത്തിനെത്തിയ ഭക്തനാണ് ഭണ്ഡാരം കുത്തിതുറന്ന നിലയില്‍ കണ്ടത്. വിവരം ലഭിച്ചെത്തിയ ഭാരവാഹികൾ കാഞ്ഞാർ പോലീസിനെ വിവരമറിയിച്ചു.പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പന്നിമറ്റം പൂമാല പ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ മോഷണം പതിവായിരിക്കുകയാണ്. ഒരുമാസം മുമ്പാണ് പന്നിമറ്റം പൂങ്കുളം ദേവീക്ഷേത്രത്തിലും കൂവക്കണ്ടം ഭദ്രകാളി ക്ഷേത്രത്തിലും മോഷണം നടന്നത്. നാളിയാനിയിലെ റേഷന്‍ കടയിലും പലചരക്കു കടയിലും മോഷണം നടന്നു. മേത്തൊട്ടിയില്‍ ഭിന്നശേഷിക്കാരന്റെ പെട്ടിക്കട കുത്തിതുറന്ന് മോഷണം നടത്തിയതും ആഴ്ചകള്‍ മുന്‍പാണ്. ഇതുവരെയും മോഷ്ടാക്കളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.