ChuttuvattomThodupuzha

മുന്‍കൂര്‍ നോട്ടീസ് ഇല്ലാതെ ഹര്‍ത്താല്‍ നടത്തിയ എല്‍ഡിഎഫ് നേതൃത്വത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണം :കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്

തൊടുപുഴ: ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്ന മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ജില്ലയില്‍ ഹര്‍ത്താല്‍ നടത്തിയ എല്‍ഡിഎഫ് നേതൃത്വത്തിനെതിരെയും വിവിധ ഘടകങ്ങള്‍ക്കെതിരെയും പോലീസ് നിയമാനുസൃതം കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ കണ്‍വീനറുമായ പ്രൊഫ. എം.ജെ. ജേക്കബ്.
ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത് വെറും നാല് ദിവസം മുമ്പ് മാത്രമാണ്. ഇത് നിയമവിരുദ്ധമാണ്. ഭൂമിപതിവ് നിയമ ഭേദഗതിയില്‍ മേല്‍ വിവിധ സംഘടനകള്‍ ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനങ്ങള്‍ക്ക് സര്‍ക്കാരിനോട് പലതവണ വിശദീകരണം ചോദിച്ചിട്ടും മറുപടി നല്‍കിയില്ല എന്ന ഗവര്‍ണറുടെ പ്രസ്താവന ഗുരുതരമാണ്. നിയമസഭ പാസാക്കി തന്റെ അനുമതിക്കായി സമര്‍പ്പിക്കുന്ന ബില്ലിന്മേല്‍ വിശദീകരണം ചോദിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. ചോദിക്കുന്ന വിശദീകരണത്തിന് മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയും ഉണ്ട്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കാത്തത് മനഃപൂര്‍വ്വമാണ്. ബില്ലിന് ഗവര്‍ണര്‍ അനുമതി നല്‍കരുതെന്നും ഇതിന്റെ പേരില്‍ ഗവര്‍ണറെ കുറ്റപ്പെടുത്തി ലോകസഭ തിരഞ്ഞെടുപ്പ് വരെ രാഷ്ട്രീയ മുതലെടുപ്പ് നടത്താമെന്നുമാണ് എല്‍ഡിഎഫിന്റെയും സര്‍ക്കാരിന്റെയും ആഗ്രഹം. ഈ ഗൂഡ ഉദ്ദേശ്യമാണ് ഇപ്പോള്‍ എല്‍ഡിഎഫ് പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. നിയമസഭ പാസാക്കിയ നിയമ പ്രകാരം വന്‍ തുക പിഴയായി ഈടാക്കാന്‍ നിര്‍ദ്ദേശിക്കുന്ന ചട്ടങ്ങള്‍ രൂപീകരിക്കുന്നത് വൈകിക്കുന്നതിനുമുള്ള ഗൂഢാലോചനയും എല്‍ഡിഎഫിന് ഉണ്ട്. സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപതിവ് നിയമഭേദഗതി ആത്മാര്‍ത്ഥത ഇല്ലാത്തതാണ്. ഭാവിയില്‍ ജില്ലയിലെ ഒരു പട്ടയ ഭൂമിയിലും നിര്‍മ്മാണം നടക്കരുതെന്ന കപട പരിസ്ഥിതിവാദികളായ എറണാകുളം ലോബിയുടെ താത്പര്യങ്ങളാണ് സര്‍ക്കാര്‍ സംരക്ഷിച്ചത്. ഇടുക്കിയിലെ കര്‍ഷകരോട് എന്തെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ പട്ടയഭൂമി പരിപൂര്‍ണ്ണമായി ഉപാധിരഹിതമായി ഉപയോഗിക്കാന്‍ കഴിയത്തക്ക നിലയില്‍ കൃഷിക്കും വാസഗൃഹ നിര്‍മ്മാണത്തിനും മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്ന നിബന്ധന റദ്ദാക്കാന്‍ എല്‍ഡിഎഫും സര്‍ക്കാരും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

 

Related Articles

Back to top button
error: Content is protected !!