Local LiveMoolammattam

മൂലമറ്റം ഭൂഗര്‍ഭ നിലയത്തിന്റെ പ്രവര്‍ത്തനത്തെ വലച്ച് ജനറേറ്റര്‍ തകരാര്‍

മൂലമറ്റം: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം ഭൂഗര്‍ഭ നിലയത്തിന്റെ പ്രവര്‍ത്തനത്തെ വലച്ച് ജനറേറ്റര്‍ തകരാര്‍. ആകെയുള്ള ആറ് ജനറേറ്ററുകളില്‍ ഒന്നരമാസത്തിനിടെ മൂന്നെണ്ണം തകരാറിലായി. 3-ാം നമ്പര്‍ ജനറേറ്ററാണ് അവസാനം തകരാറിലായത്. 1, 6 നമ്പര്‍ ജനറേറ്ററുകള്‍ നേരത്തെ തകരാരിലായിരുന്നു. ഇവയുടെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമം ഊര്‍ജിതമാണ്. കഴിഞ്ഞ ദിവസമാണ് 3-ാം നമ്പര്‍ ജനറേറ്റര്‍ തകരാറിലായത്. പോളിന്റെ തകരാറിനെ തുടര്‍ന്ന് ബാറില്‍ തീപ്പിടിച്ച് ജനറേറ്റര്‍ ഡ്രിപ്പാക്കുകയായിരുന്നു. പോള്‍ സ്റ്റോക്കുള്ളതിനാല്‍ തകരാര്‍ പരിഹരിച്ച് വെള്ളിയാഴ്ചയോടെ മെഷീന്‍ ഓടിക്കാനാകുമെന്ന് നിലയത്തിന്റെ ചുമതലയുള്ള കെഎസ്ഇബി ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇതിനൊപ്പം നാളെ നേരത്തെ തകരാറിലായ 6-ാം നമ്പര്‍ ജനറേറ്ററും പ്രവര്‍ത്തന സജ്ജമാകും. ഡിസംബര്‍ അവസാന വാരം വെള്ളം പതിക്കുന്ന ഇന്‍ടേക്ക് വാല്‍വിലെ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ ജനറേറ്ററിന്റെ പ്രവര്‍ത്തനം നിലച്ചത്.

ഡിസംബര്‍ 18ന് ആണ് 1-ാം നമ്പര്‍ ജനറേറ്റര്‍ തകരാറിലായത്. ഇത് നന്നാക്കാന്‍ ഇനിയും ഒന്നരമാസത്തോളം എടുക്കുമെന്നാണ് നിഗമനം. ജനറേറ്ററിന്റെ റോട്ടറിന് തകരാറുണ്ടായി സ്റ്റേറ്ററില്‍ ഇടിക്കുകയായിരുന്നു. ഈ ജനറേറ്ററിന്റെ സ്റ്റേറ്റര്‍ കോയിലുകള്‍ ഇനിയും മാറാനുണ്ട്. ഇവയ്ക്കായി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെങ്കിലും ഉണ്ടാക്കി എടുക്കാന്‍ കാലതാസമം ഉണ്ട്. ഇതാണ് അറ്റകുറ്റപണി നീളാന്‍ കാരണം.അതേ സമയം ഇടുക്കിയില്‍ നിലവില്‍ 2362.18 അടി വെള്ളമാണ്, 56 ശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3 ശതമാനത്തോളം വെള്ളം കുറവാണിത്. ജലനിരപ്പ് താഴ്ന്ന് നില്‍ക്കുന്നതിനാലും തിരഞ്ഞെടുപ്പ് വരുന്നതിനാലും കടുത്ത വേനലിലേക്കായി ഇടുക്കിയിലെ വൈദ്യുതി ഉത്പാദനവും നിലവില്‍ കുറച്ച് നിര്‍ത്തിയിരിക്കുകയാണ്. ഇതിനാല്‍ തന്നെ ജനറേറ്റര്‍ തകരാര്‍ വൈദ്യുതി ഉല്‍്പാദനത്തെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. ശരാശരി 3 ദശലക്ഷം യൂണിറ്റാണ് പ്രതിദിന ഉത്പാദനം.

 

Related Articles

Back to top button
error: Content is protected !!