ChuttuvattomThodupuzha

കാഞ്ഞാറില്‍ വാഹനം പൊളിച്ചുവില്‍ക്കുന്ന സ്ഥാപനത്തില്‍ വന്‍ തീപിടുത്തം

കാഞ്ഞാര്‍ : പഴയ വാഹനങ്ങള്‍ പൊളിച്ചു വില്‍ക്കുന്ന സ്ഥാപനത്തില്‍ തീപിടുത്തം. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ കാഞ്ഞാര്‍ കുരിശുപള്ളിക്ക് സമീപം റോഡരികില്‍ പഴയ വാഹനങ്ങള്‍ പൊളിച്ചു വില്‍ക്കുന്ന സ്ഥാപനത്തില്‍ വെല്‍ഡിംഗിനിടെ ഡീസല്‍ ടാങ്കിനു തീപിടിച്ചതാണ് അഗ്‌നിബാധയ്ക്കിടയാക്കിയത്.

തീ വേഗത്തില്‍ പടര്‍ന്നെങ്കിലും മൂലമറ്റത്തുനിന്ന് ഫയര്‍ഫോഴ്‌സ് സംഘം എത്തി തീയണയ്ക്കുകയായിരുന്നു. ഇതോടെ സമീപ പ്രദേശങ്ങളിലേക്ക് തീ പടരാതെ വന്‍ ദുരന്തം ഒഴിവായി. തൊടുപുഴ- മൂലമറ്റം റോഡരികില്‍ എംവിഐപി വക സ്ഥലത്താണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സ്ഥാപനം അനധികൃതമായി പ്രവര്‍ത്തിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സ്ഥാപനം പൊളിച്ചുമാറ്റാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടും ഉടമ ഇതിനു തയാറായിരുന്നില്ല . പല സ്ഥലങ്ങളില്‍ നിന്നുള്ള ചെറുതും വലുതുമായ വാഹനങ്ങള്‍ വാങ്ങിക്കൊണ്ടുവന്ന് യാതൊരു മുന്‍കരുതലുമില്ലാതെ പൊളിച്ച് വില്‍ക്കുകയാണ് ചെയ്യുന്ന തെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ഇന്നലെ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് വാഹനം പൊളിക്കുന്നതിനിടയില്‍ ഡീസല്‍ ടാങ്കിന് തീപിടിച്ചാണ് അപകടം ഉണ്ടായത്. ഇവരുടെ ജോലികള്‍ ചില ദിവസങ്ങളില്‍ ഗതാഗതത്തിനും പൊതുജനങ്ങള്‍ക്കും തടസം സൃഷ്ടിക്കുന്നതായും പരാതിയുണ്ട്. ഇതിനു സമീപത്തായി നൂറു കണക്കിന് വീടുകളും ആരാധനാലയവും ഉണ്ട്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം വന്‍ ദുരന്തത്തിന് ഇടയാക്കുമെന്നാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നത്.

 

Related Articles

Back to top button
error: Content is protected !!