ChuttuvattomThodupuzha

വനിതകളുടെ കൈപ്പുണ്യത്തില്‍ രുചി വൈവിധ്യമാര്‍ന്ന ഭക്ഷണം ; പ്രീമിയം കഫെ റസ്റ്റോറന്റുമായി കുടുംബശ്രീ

തൊടുപുഴ : കുടുംബശ്രീ അംഗങ്ങളുടെ കൈപ്പുണ്യത്തില്‍ രുചി വൈവിധ്യമുള്ള ഭക്ഷണ വിഭവങ്ങളുമായി ജില്ലയില്‍ പ്രീമിയം കഫെ റസ്റ്റോറന്റ് വരുന്നു. എസി ഹാളിലാണ് മികച്ച നിലവാരത്തിലുള്ള കഫേ തുറക്കുന്നത്. വിനോദസഞ്ചാരികള്‍ ഏറെ എത്തുന്ന ജില്ലയില്‍ യാത്രികര്‍ക്കു സൗകര്യപ്രദമായ ഏതെങ്കിലും പ്രധാന പാതയില്‍ പ്രീമിയം കഫെ തുടങ്ങാനാണ് പദ്ധതി. ഇതിനായുള്ള സ്ഥലം കണ്ടെത്തുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

പരിഗണനയില്‍ തൊടുപുഴയും അടിമാലിയും

തൊടുപുഴ, അടിമാലി തുടങ്ങിയ സ്ഥലങ്ങളാണ് കഫെ തുടങ്ങുന്നതിന് പരിഗണിക്കുന്നത്. എന്നാല്‍ കെട്ടിടം ഉള്‍പ്പെടെയുള്ളവ ഇതുവരെ കണ്ടെത്താനാകാത്തതാണ് പദ്ധതിയ്ക്ക് തടസമായി നില്‍ക്കുന്നത്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കുടുംബശ്രീയുടെ പ്രീമിയം കഫേ റസ്റ്റോറന്റുകള്‍ തുറക്കുന്നുണ്ട്. എറാണാകുളം ജില്ലയില്‍ അങ്കമാലിയിലും തൃശൂര്‍ ജില്ലയില്‍ ഗുരുവായൂരിലും വയനാട് മേപ്പാടിയിലും കഫേ തുറന്നു കഴിഞ്ഞു. ജില്ലയിലും അനുയോജ്യമായ സ്ഥലം കണ്ടെത്തി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കഫെ പ്രവര്‍ത്തനം തുടങ്ങാനുള്ള ശ്രമത്തിലാണെന്ന് അധികൃതര്‍ പറഞ്ഞു.

മാര്‍ച്ചിനുള്ളില്‍ എല്ലാ ജില്ലയിലും

ഈ വര്‍ഷം മാര്‍ച്ച് മാസത്തിനുള്ളില്‍ എല്ലാ ജില്ലകളിലും ഒരു പ്രീമിയം കഫെ വീതമെങ്കിലും തുടങ്ങാനാണ് സംസ്ഥാന കുടുംബശ്രീ മിഷന്റെ നിര്‍ദേശം. പ്രീമിയം കഫെ തുടങ്ങാന്‍ കുടുംബശ്രീ അംഗങ്ങള്‍, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവരില്‍ നിന്നു താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ഹോട്ടല്‍ മാനേജ്‌മെന്റില്‍ പരിശീലനം ലഭിച്ച കുടുംബശ്രീ അംഗങ്ങള്‍ക്കാകും കഫെയുടെ നടത്തിപ്പു ചുമതല. കഫെയിലെ ജീവനക്കാര്‍ക്കായി കുടുംബശ്രീ പരിശീലനവും നല്‍കും.

ആധുനിക സൗകര്യവും മികച്ച ഭക്ഷണവും

50-100 സീറ്റുകളുള്ള എസി മുറികളാണ് പ്രീമിയം കഫെയില്‍ ഉണ്ടാകുക. വിസിറ്റേഴ്‌സ് ലോഞ്ച്, കൗണ്ടര്‍, വിശാലമായ പാര്‍ക്കിംഗ് സൗകര്യം, നാപ്കിന്‍ മെഷിനുകള്‍, നാപ്കിന്‍ നശിപ്പിക്കാന്‍ സൗകര്യം, മികച്ച ശൗചാലയങ്ങള്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍ തുടങ്ങിയവയും ഉണ്ടാകും. വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ദേശീയപാത, മറ്റു തിരക്കുള്ള റോഡുകള്‍ എന്നിവിടങ്ങളിലാണ് പ്രീമിയം കഫെ ആരംഭിക്കുക. സ്റ്റാര്‍ ഹോട്ടലുകള്‍ക്കു സമാനമായി സ്റ്റാന്‍ഡേഡ് മെനുവിനു പുറമേ നാടന്‍ സ്‌പെഷല്‍ വിഭവങ്ങളും പ്രീമിയം കഫെയില്‍ വിളമ്പും.

കുടുംബശ്രീയുടെ സഹായം 20 ലക്ഷം

പ്രീമിയം കഫെകളിലൂടെ പ്രതിദിനം കുറഞ്ഞത് 50,000 രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. ഇത്രയും വിറ്റുവരവ് ലഭിക്കുന്ന മേഖലയായിരിക്കും കഫേ തുടങ്ങാന്‍ കണ്ടെത്തുക. ഒരു പ്രീമിയം കഫെ തുടങ്ങാന്‍ 40 മുതല്‍ 50 ലക്ഷം രൂപ വരെയാണ് മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്നത്. 20 ലക്ഷം രൂപവരെ കുടുംബശ്രീയുടെ ധനസഹായം ലഭിക്കും.

Related Articles

Back to top button
error: Content is protected !!