ChuttuvattomCrimeThodupuzha

ജോലി വാഗ്ദാനം ചെയ്ത് 14 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ യുവാവ് പിടിയിൽ

തൊടുപുഴ:ജോലി വാഗ്ദാനം ചെയ്ത് 14 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ യുവാവ് പിടിയിൽ.നെടുങ്കണ്ടം പാറത്തോട് കുഴിവിളവീട്ടിൽ മനു ദശരഥൻ (42) ആണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. നാൽപ്പതിലധികം സ്ത്രീകളിൽ നിന്നും 14 ലക്ഷത്തോളം രൂപയാണ് ഇയാൾ പണം തട്ടിയെടുത്തത്.ഗ്രാമസേവ എന്റർപ്രൈസസ് എന്ന പേരിൽ സ്ഥാപനം തുടങ്ങിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോയി പണം വാങ്ങിയ കേസിലെ പ്രതിയാണ്.

കോലാനി, അങ്കംവെട്ടി, മുണ്ടേക്കല്ല് എന്നിവിടങ്ങളിലാണ് ഇയാൾ സ്ഥാപനം തുടങ്ങിയത്. ഫെബ്രുവരിയിൽൽ കോലാനിയിലാണ് ആദ്യം സ്ഥാപനം തുടങ്ങിയത്. അങ്കംവെട്ടിയിലും മുണ്ടേക്കല്ലിലും മിനി സൂപ്പർമാർക്കറ്റും സ്ഥാപിച്ചു.കുടുംബശ്രീ പ്രവർത്തകർക്ക് ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നതിനായി കമ്പനി മുഖേന വായ്പ നൽകുന്നുണ്ടെന്നും ഇതിന്റെ കണക്കെഴുതുന്ന ജോലിക്കായി ആളെ വേണമെന്നുമാണ് ഇയാൾ അറിയിച്ചത്. സൂപ്പർമാർക്കറ്റിലും ജോലി വാഗ്ദാനം ചെയ്തു.ജോലി തേടിയെത്തിയ സാധാരണക്കാരായ വീട്ടമ്മാമാരിൽ നിന്ന് സെക്യൂരിറ്റി തുകയായി 24000 രൂപ വീതം വാങ്ങി. ഇത് മൂന്ന് മാസം കഴിഞ്ഞ് നൽകുമെന്നായിരുന്നു വാഗ്ദാനം. ഇക്കാലയളവിൽ മാസം 8000 രൂപ വെച്ച് ശമ്പളം നൽകുമെന്ന് പറഞ്ഞു. 100 രൂപയുടെ മുദ്രപത്രത്തിൽ എഗ്രിമെന്റ് എഴുതി. കുറച്ചു പേർക്ക് ചെക്ക് നൽകി.ആദ്യ ഘട്ടത്തിൽ പ്രശ്‌നമുണ്ടായിരുന്നില്ല. പിന്നീട് അവധിയെടുക്കാൻ ഇയാൾ ഇവരെ നിർബന്ധിച്ചു. ശമ്പളം കൊടുത്തപ്പോൾ അവധിയെടുത്തതിന്റെ തുക കുറച്ചാണ് നൽകിയത്. പലർക്കും പകുതി ശമ്പളം പോലും കിട്ടിയില്ല.സെപ്റ്റംബർ മൂന്ന് മുതൽ ഇയാൾ സ്ഥാപനത്തിലേക്ക് വന്നില്ല. ഇതിനിടെ ചരുക്കം ചിലർക്ക് സെക്യൂരിറ്റി തുക തിരികെ കിട്ടി. ചെക്കുമായി ബാങ്കുകളിലെത്തിയപ്പോൾ മടങ്ങി. ഇതോടെയാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്ന് ഇവർക്ക് മനസ്സിലായത്.തുടർന്ന് തൊടുപുഴ പോലീസിൽ പരാതി നൽകുകയായിരുന്നു.

സ്ഥാപനത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് ഒരു സ്ത്രീയിൽ നിന്ന് മൂന്ന് ലക്ഷം രൂപയും മാനേജർ സ്ഥാനം നൽകാമെന്ന് പറഞ്ഞ് രണ്ട് സ്ത്രീകളിൽ നിന്ന് ഒരു ലക്ഷം രൂപ വീതവും ഇയാൾ വാങ്ങിയിരുന്നു. സ്ഥാപനത്തിന്റെ ആവശ്യത്തിനെന്ന വ്യാജേന വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് മറിച്ച് വിൽക്കാറുണ്ടെന്നും പോലീസ് കണ്ടെത്തി.ഇതിനിടെയാണ് ഇയാൾ കൊല്ലത്ത് തട്ടിപ്പ് നടത്താൻ ശ്രമിച്ചതായി വിവരം ലഭിച്ചത്. തുടർന്ന് കൊല്ലം പോലീസിന്റെ സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഡി.വൈ.എസ്.പി. ഇമ്മാനുവൽ പോളിന്റെ നിർദ്ദേശാനുസരണം എസ്.ഐ.മാരയ എം.ഡി.മധുസൂദനൻ, എൻ.കെ.ജബ്ബാർ, സീനിയർ സിവിൽ .പോലീസ് ഓഫീസർ അബ്ദുൽ ഗഫൂർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button
error: Content is protected !!