ChuttuvattomThodupuzha

അപകടം പതിവ് : ന്യൂമാന്‍ കോളേജ് ജംഗ്ഷനില്‍ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചു

തൊടുപുഴ : അപകടം പതിവാകുന്ന ന്യൂമാന്‍ കോളേജ് ജംഗ്ഷനില്‍ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചു. നഗരത്തിലെ പ്രധാനപ്പെട്ട നാലു റോഡുകള്‍ സംഗമിക്കുന്ന ഇവിടെ അപകടം പതിവായതോടെയാണ് പൊതുമരാമത്ത് വകുപ്പിനോട് സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കാന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് അധികൃതര്‍ രണ്ടു സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കുകയായിരുന്നു. കാഞ്ഞിരമറ്റം – മങ്ങാട്ടുകവല ബൈപാസ് റോഡിന്റെ ഭാഗമായ ഇവിടെ വ്യക്തമായ അപകട മുന്നറിയിപ്പ് ബോര്‍ഡുകളോ വേഗനിയന്ത്രണ സംവിധാനമോ ഇല്ലാത്തതിനാല്‍ പതിവായി അപകടം സംഭവിച്ചിരുന്നു.

കാഞ്ഞിരമറ്റം ജംഗ്ഷനില്‍നിന്ന് മങ്ങാട്ടുകവലയ്ക്കുള്ള ബൈപാസും ബോയ്‌സ് ഹൈസ്‌കൂളിന് മുന്‍വശത്ത് നിന്നും കാരിക്കോടിനുള്ള പഴയ റോഡും സംഗമിക്കുന്ന ഭാഗമാണ് അപകട കേന്ദ്രമായി മാറിയിരുന്നത്.നാലുവശത്തുനിന്നും ഒരേ സമയം ഇവിടേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതാണ് അപകടത്തിനു വഴി വയ്ക്കുന്നത്. വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഉണ്ടാകുന്ന അപകടങ്ങള്‍ പതിവായതോടെ പ്രദേശവാസികളും വ്യാപാരികളും മുനിസിപ്പല്‍ ചെയര്‍മാന് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച ചെയര്‍മാന്‍ സനീഷ് ജോര്‍ജ് പ്രദേശത്ത് അടിയന്തരമായി സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനായി ഇന്നലെ റോഡില്‍ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചത്.

Related Articles

Back to top button
error: Content is protected !!