CrimeThodupuzha

കഞ്ചാവ് വില്‍പ്പനക്കിടെ പോലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ടത് നിരവധി കേസുകളിലെ പ്രതികള്‍

തൊടുപുഴ : പോലീസ് ഉദ്യോഗസ്ഥരുടെ കൈയ്യില്‍ നിന്നും രക്ഷപ്പെട്ട കഞ്ചാവ് കച്ചവടക്കാരെ തിരിച്ചറിഞ്ഞു. നിരവധി കേസുകളില്‍ പ്രതികളായ അന്‍സില്‍, ആരോമല്‍ എന്നിവരാണ് പ്രതികളെന്നും ഇവരെ കുറിച്ച് വ്യക്തമായ സൂചന ലഭിതച്ചതായും ഉടന്‍ പിടിയിലാകുമെന്നും പോലീസ് സൂചിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയില്‍ മുതലക്കോടം പഴുക്കാക്കുളം റോഡിലാണ് പ്രതികള്‍ പോലീസിനെ വെട്ടിച്ച് കടന്നത്. രണ്ടു പേര്‍ ചേര്‍ന്ന് റോഡില്‍ കഞ്ചാവ് വില്‍ക്കുന്നതായി തൊടുപുഴ പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് തൊടുപുഴ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.

പോലീസ് അടുത്തെത്തിയപ്പോള്‍ പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിലൊരാളുടെ ടീ-ഷര്‍ട്ടില്‍ സിഐ കയറി പിടിച്ചു. എന്നാല്‍ ഷര്‍ട്ട് ഊരി പ്രതി സമീപത്തെ പാടത്തേക്ക് ഇറങ്ങിയോടി രക്ഷപ്പെട്ടു. പോലീസ് പിന്നാലെ ഓടിയെങ്കിലും സ്ഥല പരിചയമുള്ള പ്രതികള്‍ ഇതിനോടകം സ്ഥലം വിട്ടിരുന്നു. എന്നാല്‍ ഇവര്‍ വില്‍പ്പനക്കെത്തിച്ച ഒന്നര കിലോയോളം കഞ്ചാവും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും പ്രതികള്‍ക്ക് എടുക്കാനായില്ല. പ്രതികളെത്തിച്ച കഞ്ചാവ്, സ്‌കൂട്ടര്‍, ധരിച്ചിരുന്ന മുണ്ട്, ടീ-ഷര്‍ട്ട് എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് സ്ഥിരം കുറ്റവാളികളായ അന്‍സിലും ആരോമലുമാണ് പ്രതികളെന്ന വിവരം പോലീസിന് ലഭിച്ചത്.

 

Related Articles

Back to top button
error: Content is protected !!