CrimeIdukki

ഭാര്യാ മാതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ പ്രതി രക്ഷപെട്ടു ; ഭാര്യാ സഹോദരന്റെ കുഞ്ഞിനും പരിക്ക്

ചെറുതോണി : ഭാര്യാ മാതാവിന്റെയും ഭാര്യാ സഹോദരന്റെ കുഞ്ഞിന്റെയും ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ശേഷം പ്രതി രക്ഷപെട്ടു.പൈനാവ് 56 കോളനിയില്‍ താമസിക്കുന്ന കൊച്ചു മലയില്‍ അന്നക്കുട്ടി (62), അന്നക്കുട്ടിയുടെ മകന്‍ ലിന്‍സിന്റെ മകള്‍ ലിയ (രണ്ടര )എന്നിവരുടെ ദേഹത്താണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. അന്നക്കുട്ടിയുടെ മകള്‍ പ്രിന്‍സിയുടെ ഭര്‍ത്താവ് കഞ്ഞിക്കുഴി സ്വദേശി സന്തോഷാണ് തീ കൊളുത്തിയത്. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 നാണ് ഭാര്യാ മാതാവിന്റെയും ഭാര്യാ സഹോദരന്റെ കുഞ്ഞിന്റെയും ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ശേഷം പ്രതി സന്തോഷ് രക്ഷപെട്ടത്. സംഭവത്തിന് ശേഷം സന്തോഷിന്റെ ആദ്യ വിവാഹത്തിലെ കുട്ടിയെ സഹോദരന്‍ സുഗതന്റെ വീട്ടിലാക്കി ഫോണുപേക്ഷിച്ച് സന്തോഷ് ഒളിവില്‍ പോവുകയായിരുന്നു. പൊളളലേറ്റ അന്നക്കുട്ടിയെയും ലിയയേയും ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെട്രോളും ലൈറ്ററും കയ്യില്‍ കരുതിയാണ് സന്തോഷ് വീട്ടിലെത്തിയത്. അന്നക്കുട്ടി കൊച്ചുമകളായ ലിയയെ കയ്യില്‍ എടുത്തിരിക്കുകയായിരുന്നു. വീടിനുള്ളിലായിരുന്ന അന്നക്കുട്ടി പുറത്തെത്തി ബഹളം വയ്ക്കുകയും പ്രതിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനിടയിലാണ് പ്രതി രക്ഷപെട്ടത്. വിവരം അറിഞ്ഞെത്തിയ അന്നക്കുട്ടിയുടെ ബന്ധുക്കള്‍ കാറില്‍ ചെറുതോണിയിലെത്തി വൈകിട്ട് 5 ഓടെ സന്തോഷിന്റെ സഹോദരന്‍ സുഗതനും ജോഷി എന്നയാളും പങ്കാളിത്തത്തോടെ ചെറുതോണിയില്‍ നടത്തുന്ന അമ്പാടി ഹോട്ടല്‍ അടിച്ച് തകര്‍ത്തു. ഹോട്ടലിന്റെ മുന്‍ഭാഗത്തെ ഗ്ലാസും, പാകം ചെയ്ത് വച്ചിരുന്ന ആഹാര സാധനങ്ങളും ഹോട്ടല്‍ ഉപകരണങ്ങളും അടിച്ചു തകര്‍ത്തു. അന്നക്കുട്ടിയെയും ലിയയെയും ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സന്തോഷിന്റെ ഭാര്യ പ്രിന്‍സി ഇറ്റലിയില്‍ നേഴ്സായി ജോലി ചെയ്യുകയാണ്. പ്രിന്‍സിയെ തിരിച്ച് വിളിക്കണമെന്നും ഭാര്യയുടെ ശമ്പളം തനിക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സന്തോഷ് പ്രകോപിതനായത്.

Related Articles

Back to top button
error: Content is protected !!