ChuttuvattomThodupuzha

വന്യ മൃഗാക്രമണം തടയാന്‍ നടപടി വേണം; ഫോറസ്റ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപീകരിക്കണമെന്ന ആവശ്യം ശക്തം

തൊടുപുഴ: വന്യമൃഗ ആക്രമണം രൂക്ഷമായ കുമളി മേഖല കേന്ദ്രീകരിച്ച് ഫോറസ്റ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപീകരിക്കണമെന്ന ആവശ്യം ശക്തം. പെരിയാര്‍ ടൈഗര്‍ റിസര്‍വിനോട് ചേര്‍ന്നു കിടക്കുന്ന വനാതിര്‍ത്തിയിലെ ഭൂപ്രദേശങ്ങളിലും തമിഴ്നാടിന്റെ കമ്പംവാലി ഈസ്റ്റ് റിസര്‍വ് വനവും സുരംഗനാര്‍ റിസര്‍വും അതിര്‍ത്തിയായി വരുന്ന കുമളി മുതല്‍ ഉടുമ്പന്‍ചോലയ്ക്കു സമീപമുള്ള പ്രദേശങ്ങള്‍ വരെയുള്ള വിസ്തൃതമായ മേഖലയാണ് കുമളി റേഞ്ചിനു കീഴില്‍ വരുന്നത്. ഇതില്‍ കുമളി മുതല്‍ മാട്ടുപ്പെട്ടി, തൊണ്ടിയാര്‍, സത്രം വരെയുള്ള വനാതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ നിരന്തരം കാട്ടാന ആക്രമണമുണ്ടാവുകയും വ്യാപകമായി കൃഷി നശിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. കൂടാതെ കന്നുകാലികളെ കടുവ, പുലി എന്നിവ ആക്രമിക്കുന്നതും പതിവ് സംഭവങ്ങളാണ്.പെരിയാര്‍ ടൈഗര്‍ റിസര്‍വിനു കീഴില്‍ 20 ഗ്രാമതല ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മനുഷ്യ – വന്യമൃഗ സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ ഒന്നും തന്നെ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ജീവനക്കാര്‍ക്ക് ഇക്കോ ടൂറിസം, ചന്ദന സംരക്ഷണം തുടങ്ങി വിവിധ ജോലികള്‍ ചെയ്യേണ്ടി വരുന്നുണ്ട്. ഇതിനിടെ വന്യമൃഗ ആക്രമണം ഉണ്ടായാല്‍ അതിനു പിന്നാലെയും പോകേണ്ടി വരും. ഈ സാഹചര്യത്തിലാണ് കുമളി കേന്ദ്രമായി ആര്‍.ആര്‍.ടി ടീം രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നത്.

കുമളി ടൗണില്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഉടമസ്ഥതയില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആരംഭിക്കുന്നതിനായി കൈമാറിയ കെട്ടിടം ഇപ്പോള്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇവിടെ ആര്‍.ആര്‍.ടി ആരംഭിക്കാന്‍ കഴിയും. കുമളി ചെക്ക് പോസ്റ്റിലുണ്ടായിരുന്ന സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറുടെ തസ്തിക തിരികെ കുമളി റേഞ്ചിലേയ്ക്ക് മാറ്റി 15 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തിക കൂടി സൃഷ്ടിച്ച് ടീം രൂപീകരിക്കാം. ജില്ലയിലേയ്ക്ക് പുതുതായി നിയമിക്കപ്പെടുന്ന സ്പെഷല്‍ റിക്രൂട്ട്മെന്റ് വിഭാഗം ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് അനുവദിച്ച 40 തസ്തികകളും പുനര്‍ വിന്യസിക്കുകയും ചെയ്യാം. ജില്ലയില്‍ വന്യമൃഗ ആക്രമണം ഏറ്റവും കൂടുതലായ മേഖലയില്‍ ആര്‍.ആര്‍.ടി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ വനം മന്ത്രിക്ക് നിവേദനം നല്‍കി.

 

 

Related Articles

Back to top button
error: Content is protected !!