Arakkulam

അറക്കുളം വില്ലേജില്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് പട്ടയം: അദാലത്ത് സംഘടിപ്പിച്ചു

മൂലമറ്റം: അറക്കുളം വില്ലേജില്‍ താമസിക്കുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് പട്ടയം കൊടുക്കുന്നതിന്റെ നടപടികള്‍ വിലയിരുത്തുന്നതിനും  തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രത്യേക അദാലത്ത് നടത്തി. പൊതുപ്രവര്‍ത്തകനും , ഗാന്ധിദര്‍ശന്‍ വേദി ജില്ല ജനറല്‍ സെക്രട്ടറിയുമായ എം.ഡി ദേവദാസ് കേരള സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ ഗോത്രവര്‍ഗ കമ്മീഷനില്‍
സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറക്കുളം വില്ലേജില്‍ സര്‍വ്വേ നടപടികള്‍ തുടങ്ങിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം കരിമണ്ണൂര്‍ ഭൂമി പതിവ് സ്‌പെഷ്യല്‍ തഹസില്‍ദാരുടെ ഓഫീസില്‍ നിന്ന് 11.10. 2021, മുതല്‍ 13.10. 2021 വരെ അപേക്ഷ സ്വീകരിച്ചിരുന്നു. 1458 അപേക്ഷകള്‍ സ്വീകരിക്കുകയും ബ്ലോക്ക് നമ്പര്‍ 23 ല്‍ വരുന്ന അപേക്ഷകരുടെ കൈവശങ്ങള്‍ അളന്ന് തിരിച്ച് സ്‌കെച്ച് തയ്യറാക്കി വരുന്നതായും, ഇതുവരെ 58 കൈവശങ്ങള്‍ അളന്ന് സ്‌കെച്ച് തയ്യാറാക്കിയതായി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ യോഗത്തില്‍ അറിയിച്ചു. എന്നാല്‍ സര്‍വ്വേ ജീവനക്കാരുടെ കുറവ് മൂലം സ്ഥലം അളക്കുന്നതിന് വളരെയേറെ താമസമുണ്ടാകുകയും, പ്രതികൂല കാലാവസ്ഥയും, കാരണം പട്ടയ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് വളരെയേറെ താമസം വരുന്നതും ഇത് പരിഹരിക്കുന്നതിന് കൂടുതല്‍ സര്‍വേ ജീവനക്കാരെ നിയമിക്കണമെന്ന് യോഗത്തില്‍ ദേവദാസ് ആവശ്യപ്പെട്ടു. കമ്മീഷന്‍ ചെയര്‍മാന്‍ ഇ.കെ. മാവോജിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍, കമ്മിഷന്‍ അംഗം അഡ്വ. സൗമ്യ മോഹന്‍ ,വനം വകുപ്പിനെ പ്രതിനിധീകരിച്ച് തൊടുപുഴ റെയിഞ്ച് ഓഫീസര്‍  സിജു സാമുവല്‍ , ഭൂമി പതിവ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എന്നിവര്‍ പങ്കെടുത്തു. സര്‍വ്വേ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന്നും യഥാസമയം അപേക്ഷ കൊടുക്കാന്‍ കഴിയാതിരുന്നവര്‍ ഭൂമി പതിവ് ഓഫീസില്‍ പുതിയ അപേക്ഷ സ്വീകരിക്കാനും തീരുമാനമെടുത്തു.

Related Articles

Back to top button
error: Content is protected !!