ChuttuvattomThodupuzha

പട്ടയം അനുവദിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്കായി സമരത്തിനിറങ്ങും :ആദിവാസി ഏകോപന സമിതി

തൊടുപുഴ: കേരളത്തിലെ ആദിവാസികളുടെ ഭൂമിയ്ക്ക് പട്ടയം അനുവദിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്കായി സമരത്തിനിറങ്ങുമെന്ന് ആദിവാസി ഏകോപന സമിതി. ആദിവാസികളുടെ ഭൂമിക്ക് പട്ടയം നല്‍കാന്‍ റവന്യൂ, വനം വകുപ്പുകള്‍ തടസം നില്‍ക്കുകയാണെന്ന് സമിതി നേതാക്കള്‍ ആരോപിച്ചു. 1951ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ആദിവാസിയ്ക്കായി അനുവദിച്ച 17100 ഹെക്ടര്‍ വനേതര ഭൂമി റവന്യൂ വകുപ്പിനെ ഏല്‍പ്പിക്കണമെന്നും പട്ടയം അനുവദിക്കണമെന്നും ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതാണ്. എന്നാല്‍, സര്‍ക്കാര്‍ അനുവദിച്ച 17100 ഹെക്ടര്‍ ഭൂമി എവിടെയാണെന്ന് അറിയില്ലെന്നാണ് ജില്ലാ കളക്ടര്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ആദിവാസികളുടെ കൈവശ ഭൂമിക്ക് പട്ടയം നല്‍കാതിരിക്കാനുള്ള ഉദ്യോഗസ്ഥ തലത്തിലെ ഗൂഡശ്രമമാണെന്നും നേതാക്കള്‍ ആരോപിച്ചു.

ആദിവാസി വിദ്യാര്‍ത്ഥികളുടെ മരവിപ്പിച്ച വിദ്യാഭ്യാസ ആനുകൂല്യം പുനഃസ്ഥാപിക്കുക, വന്യമൃഗ ആക്രമണം തടയുക, പട്ടികവര്‍ഗ ഹോസ്റ്റലുകളിലെ പീഡനം അവസാനിപ്പിക്കുക, നിര്‍ത്ത ലാക്കിയ എസ്.ടി സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് പുനഃസ്ഥാപിക്കുക, പി.എസ്.സി റൊട്ടേഷന്‍ ചാര്‍ട്ടില്‍ പട്ടികവിഭാഗത്തെ ആദ്യത്തെ 20ല്‍ ഉള്‍പ്പെടുപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ആദിവാസി ഏകോപന സമിതി ഉന്നയിച്ചു. ഈ കാര്യങ്ങളില്‍ നടപടി ഉണ്ടാകുന്നില്ലെങ്കില്‍ വന്‍ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ആദിവാസി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് മനോജ് ടി.ടി, ജനറല്‍ സെക്രട്ടറി കെ.കെ. രാജന്‍, ട്രഷറര്‍ എം.ഐ. ശശി, വൈസ് പ്രസിഡന്റ് പി.എ. മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!