ChuttuvattomThodupuzha

സ്‌കൂള്‍ കലോത്സവങ്ങളിലെ വിധിനിര്‍ണയത്തിലെ അപാകതകള്‍ അവസാനിപ്പിക്കണം; ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി

തൊടുപുഴ: സ്‌കൂള്‍ കലോത്സവങ്ങളിലെ വിധിനിര്‍ണയത്തിലെ അപാകതകള്‍ അവസാനിപ്പിക്കണമെന്ന് ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്സ് യൂണിയന്‍ ജില്ലാ കമ്മിറ്റി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇടുക്കി റവന്യു ജില്ലാ കലോത്സവത്തില്‍ നൃത്ത ഇനങ്ങളിലെ വിധി നിര്‍ണയത്തില്‍ നടന്ന അഴിമതികളെക്കുറിച്ച് ശ്രദ്ധയില്‍ കൊണ്ടുവരാനും ഇത്തരം പിഴവുകള്‍ സംഭവിക്കാതിരിക്കാനുനുള്ള നടപടികള്‍ സ്വീകരിക്കുവാനും വേണ്ടി വിദ്യാഭ്യാസ മന്ത്രിയ്ക്ക് നിവേദനം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഏഴു സബ് ജില്ലകളിലും കട്ടപ്പനയില്‍ നടന്ന റവന്യു ജില്ലാ കലോത്സവത്തിലും നൃത്ത ഇനങ്ങള്‍ക്ക് ശരിയായ രീതിയില്‍ വിധി നിര്‍ണയം നടന്നിട്ടില്ല. അര്‍ഹതയുള്ള കുട്ടികള്‍ തഴയപ്പെടുന്ന അവസ്ഥയുണ്ടായി. പലയിടങ്ങളിലും അപ്പീലുകള്‍ അനുവദിക്കാന്‍ പറ്റാത്ത വിധം കുട്ടികളെ നാലും അഞ്ചും സ്ഥാനത്തേയ്ക്കും തരംതാഴ്ത്തിയ സാഹചര്യവുമുണ്ടായി. ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിന്റെ മേലധികാരികള്‍ ഏതെങ്കിലും ഒരു ഏജന്റിനെയോ അധ്യാപക സംഘടനകളെയോ ഇതിന്റെ ചുമതല ഏല്‍പ്പിക്കുക വഴി നൃത്താധ്യാപകരുടെ പക്കല്‍ വിധി നിര്‍ണയം എത്തുന്നു. അവര്‍ തങ്ങളുടെ പക്ഷത്തു നില്‍ക്കുന്ന ആളുകളെയോ അവരുടെ സുഹൃത്തുക്കളെയോ വിധി നിര്‍ണയത്തിനായി കൊണ്ടുവരികയാണ് ചെയ്യുന്നത്.
മറ്റ് ജില്ലകളില്‍ നിന്ന് ഇവിടെ വിധി നിര്‍ണയത്തിനെത്തുന്നവരുടെ എല്ലാ ചെലവുകളും വഹിക്കുന്നത് ജില്ലയിലെ ഒരു നൃത്താധ്യാപകനാണ്. ഇതിനെതിരെ പ്രതികരിക്കുന്ന നൃത്താധ്യാപകര്‍ക്കെതിരെ കള്ളക്കേസുകള്‍ കൊടുത്ത് മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നു. നിലവില്‍ കലാ രംഗത്തു നിന്നും ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്ന നിരവധി നൃത്താധ്യാപകര്‍ ഈ രംഗത്തു നിന്നും മാറി പോകുന്ന സാഹചര്യവും ഉണ്ട്. അതിനാല്‍ മതിയായ യോഗ്യതയുള്ളവരെ കലോത്സവങ്ങളിലെ വിധി നിര്‍ണയത്തിന്റെ ചുമതല നല്‍കി സമ്മാനത്തിന് അര്‍ഹതപ്പെട്ടവരെ കണ്ടെത്തണമെന്നും ഈ രംഗത്തെ അഴിമതി നീക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് മത്തായി ജോസഫ്, സെക്രട്ടറി കെ.എസ്.സുരേഷ്, ജിജി ജോബി, രാജമ്മ രാജു, വി.വി.ഫിലോമിന എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!