Thodupuzha

പട്ടികവര്‍ഗ ക്ഷേമ – വികസന പദ്ധതികള്‍ പ്രത്യേക സമിതി അവലോകനം ചെയ്യണം; അഖില തിരുവിതാംകൂര്‍ മലയരായ മഹാസഭ

തൊടുപുഴ: പട്ടികവര്‍ഗ ക്ഷേമ – വികസന പദ്ധതികള്‍ പ്രത്യേക സമിതി അവലോകനം ചെയ്യണമെന്ന് അഖില തിരുവിതാംകൂര്‍ മലയരായ മഹാസഭയുടെ തൊടുപുഴയില്‍ ചേര്‍ന്ന മേഖല സമ്മേളനം ആവശ്യപ്പെട്ടു. പട്ടികജാതി/പട്ടികവര്‍ഗ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും നിര്‍വഹണവും നടത്തുന്നതിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പുനപരിശോധിക്കണം. ബന്ധപ്പെട്ട എംഎല്‍എമാരുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന പ്രസ്തുത സമിതിയില്‍ നിര്‍വഹണ ഉദ്യോഗസ്ഥരും ത്രിതല പഞ്ചായത്ത് അംഗങ്ങളും മാത്രമാണ് ഉള്ളത്. ഈ സമിതിയുടെ പരിശോധനയും മേല്‍നോട്ടവും ഒരിക്കലും ഫലപ്രദമാകില്ല. പദ്ധതി പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രതിനിധികളും സമുദായ അംഗങ്ങളും പൊതുപ്രവര്‍ത്തകരും സമിതിയില്‍ ഉണ്ടാകണം. പട്ടികവര്‍ഗ മേഖലകളിലെ അടിസ്ഥാന വികസന ആവശ്യങ്ങള്‍ വ്യത്യസ്തമാണ്. ആയതിനാല്‍ പട്ടികവര്‍ഗ ക്ഷേമ – വികസന പദ്ധതികള്‍ പ്രത്യേക സമിതി അവലോകനം ചെയ്യണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഊരുസഭകള്‍ക്ക് പ്രത്യേക അധികാരം നല്‍കണമെന്നും ഊരുകൂട്ടങ്ങള്‍ പാസ്സാക്കുന്ന പദ്ധതികള്‍ തടസമില്ലാതെ നടത്തുന്നതിനും പട്ടയ വിതരണ നടപടികള്‍ ത്വരതപ്പെടുത്തണമെന്നും മലയരായ മഹാസഭ ആവശ്യപ്പെട്ടു. തൊടുപുഴ മേഖല സമ്മേളനം അഖിലതിരുവിതാംകൂര്‍ മലയരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് കെ.ബി. ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് അഖിലതിരുവിതാംകൂര്‍ മലയരയ മഹാസഭ ജനറല്‍ സെക്രട്ടറി വി. പി. ബാബു, വൈസ് പ്രസിഡന്റ് പി. വി. വിജയന്‍, ജോയിന്റ് സെക്രട്ടറി എം. ഐ. വിജയന്‍, സംസ്ഥാന ട്രഷറര്‍ പി. വി. ശ്രീനിവാസന്‍, മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ശ്രീമതി. ഇന്ദിര ശിവദാസ്, യുവജന അസോസിയേഷന്‍ പ്രസിഡന്റ് നിഖില്‍ ദാസ്, എംപ്ലോയീസ് ആന്റ് പെന്‍ഷനേഴ്സ് വെല്‍ഫയര്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ സംസ്ഥാന പ്രസിഡന്റ് പി. കെ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. തൊടുപുഴ മേഖലയില്‍ നിന്നുള്ള ശാഖ ഭാരവാഹികള്‍ മഹിളാ അസോസിയേഷന്‍ പ്രതിനിധികള്‍ എംപ്ലോയീസ് ആന്റ് പെന്‍ഷനേഴ്സ് വെല്‍ഫയര്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. യോഗത്തില്‍ മേഖല സമിതി ഭാരവാഹികളായി കെ. കെ. സോമന്‍ – ചെയര്‍മാന്‍, എം.ആര്‍. നിജു – വൈസ് ചെയര്‍മാന്‍, എം. ഐ. മോഹനന്‍ – കണ്‍വീനര്‍, ചന്ദ്രശേഖരന്‍ പി. ആര്‍. – ജോയിന്റ് കണ്‍വീനര്‍, എം. ഐ. രാജന്‍ – ഖജാന്‍ജി എന്നിവരെ തെരഞ്ഞെടുത്തു.

 

Related Articles

Back to top button
error: Content is protected !!