ChuttuvattomThodupuzha

ആളിക്കത്തി സമരാഗ്‌നി ; സമരാഗ്‌നിയ്ക്ക് ജില്ലയില്‍ വമ്പിച്ച സ്വീകരണം

തൊടുപുഴ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എന്നിവര്‍ നയിക്കുന്ന സമരാഗ്‌നി യാത്രയ്ക്ക് ജില്ലയില്‍ വമ്പിച്ച സ്വീകരണം. ഇന്നലെ രാത്രി 7 ഓടെയാണ് മൂവാറ്റപുഴയിലെ സ്വീകരണത്തിന് ശേഷം യാത്ര ജില്ലയില്‍ പ്രവേശിച്ചത്. ജില്ലാ അതിര്‍ത്തിയായ അച്ചന്‍കവലയില്‍ നിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് യാത്രയെ തൊടുപുഴയിലേക്ക് സ്വീകരിച്ചാനയിച്ചത്. തുടര്‍ന്ന് മങ്ങാട്ടുകവലയില്‍ നടന്ന പൊതുസമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. വയനാട്ടില്‍ വന്യജീവി ആക്രമണം നടന്നിട്ട് അവിടം സന്ദര്‍ശിക്കാന്‍ പോലുംമുഖ്യമന്ത്രിയും മന്ത്രിമാരും തയ്യാറായില്ല. ജനങ്ങളുടെ പ്രതിഷേധം ശക്തമായപ്പോഴാണ് ഇന്നലെ മൂന്നാല് മന്ത്രിമാര്‍ വയനാട്ടിലെത്തിയത്. എന്നാല്‍ ജോഡോ യാത്ര നടക്കുമ്പോഴും രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി ജനകീയ പ്രശ്‌നത്തില്‍ ഇടപെട്ടെന്നും അദ്ദേഹം പറഞ്ഞു. ആയിരങ്ങളാണ് സമരാഗ്‌നിയില്‍ അണിചേരാനായി മങ്ങാട്ടുകവലയിലേക്ക് ഒഴുകിയെത്തിയത്.

ഇന്ന് രാവിലെ 10ന് അടിമാലി ക്ലബ്ബില്‍ സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്ന് ക്ഷണിക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുക്കുന്ന ജനസദസ് നടക്കും. കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും നേതൃത്വം നല്‍കും.  2ന് അടിമാലി കോടതിപടിയില്‍ നിന്ന് അടിമാലി, കല്ലാര്‍കുട്ടി റോഡ് ജംഗ്ഷനിലേക്ക് യാത്രയെ ആനയിക്കും. തുടര്‍ന്ന് 2ന് സമ്മേളനം നടക്കും. തുടര്‍ന്നു ചെറുതോണി വഴി കട്ടപ്പനയിലെത്തുന്ന യാത്രയെ നൂറുകണക്കിനാളുകള്‍ ചേര്‍ന്ന് പഴയ ബസ് സ്റ്റാന്‍ഡിലേക്ക് സ്വീകരിച്ചാനയിക്കും. തുടര്‍ന്ന് വൈകിട്ട് 4ന് നടക്കുന്ന സമ്മേനത്തില്‍ വിവിധ നേതാക്കള്‍ പ്രസംഗിക്കും. ഭവന സന്ദര്‍ശനത്തിലൂടെ ജനങ്ങളില്‍ നിന്ന് സ്വീകരിച്ച ഫണ്ട് മണ്ഡലം പ്രസിഡന്റുമാര്‍ അതതു സമ്മേളന വേദിയില്‍ നേതാക്കള്‍ക്ക് കൈമാറും. യാത്രയുടെ പ്രചരണാര്‍ത്ഥം എല്ലാ മണ്ഡലങ്ങളിലും സമരാഗ്നി വിളംബര ജാഥ നടത്തും. 2023ലെ ഭൂപതിവ് നിയമഭേദഗതിക്കെതിരെയുള്ള താക്കീതായി സമരാഗ്‌നിയുടെ ജില്ലയിലെ സമ്മേളനങ്ങള്‍ മാറുമെന്നു നേതാക്കള്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് സി.പി. മാത്യു അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി എസ്. അശോകന്‍, ഡീന്‍ കുര്യാക്കോസ് എം.പി, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ്, എം.ജെ. ജേക്കബ്, മാത്യു കുഴല്‍നാടന്‍, എല്‍ദോസ് കുന്നപ്പള്ളി, വി.ടി. ബല്‍റാം തുടങ്ങിയവര്‍ പ്രസംഗിച്ചു.

യുഡിഎഫ് വന്നാല്‍ ഉപാധിരഹിത പട്ടയം നല്‍കും: വി.ഡി. സതീശന്‍

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഉപാധിരഹിത പട്ടയം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ഇപ്പോള്‍ പട്ടയം ലഭിച്ചാല്‍ അത് ഉദ്യോഗസ്ഥരുടെ പിന്നാലെ പോയി ക്രമപ്പെടുത്തണം. കുറച്ച് നാള്‍ കഴിഞ്ഞ് എന്തെങ്കിലും നിര്‍മ്മാണം നടത്തണമെങ്കിലും വീണ്ടും അധികാരികളുടെ പിന്നാലെ നടക്കണം. ഈ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ല. ഭൂപതിവ് നിയമഭേദഗതി ബില്‍ നിയമസഭയില്‍ പാസാക്കിയിട്ടും ചട്ടം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ചട്ടം ഉണ്ടാക്കി കഴിഞ്ഞാലും അത് പണപ്പിരിവിനുള്ള വഴിയായാണ് കാണുന്നത്. കര്‍ഷകരുടെ ഭൂമിയിലെ നിര്‍മ്മാണം ക്രമപ്പെടുത്തുന്നതിന് ഒരു രൂപ പോലും വാങ്ങാന്‍ തങ്ങള്‍ അനുവദിക്കില്ല. രണ്ട് ദിവസത്തിനകം പട്ടയമേള നടക്കും. എന്നാല്‍ ജില്ലയില്‍ അര്‍ഹരായ മൂവായിരം പേര്‍ക്കോളം പട്ടയം നല്‍കാനാകില്ല. 1964ലെ ചട്ടം അനുസരിച്ച് ഇവര്‍ക്ക് പട്ടയം വിതരണം ചെയ്യേണ്ടെന്ന് ഇപ്പോള്‍ ഹൈക്കോടതി പറഞ്ഞിരിക്കുകയാണ്. അതിനെതിരെ ഒരു എതിര്‍സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അത് നല്‍കിയിരുന്നെങ്കില്‍ കോടതിയ്ക്ക് കാര്യം മനസിലാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിലും കേരളത്തിലും നിര്‍ലജ്ജം നോക്കി നില്‍ക്കുന്ന മന്ത്രിസഭ: കെ. സുധാകരന്‍

പാവപ്പെട്ടവര്‍ മരിച്ചു വീഴുമ്പോള്‍ നിര്‍ലജ്ജം നോക്കി നില്‍ക്കുന്ന മന്ത്രിസഭയാണ് കേരളത്തിലും കേന്ദ്രത്തിലുമുള്ളതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. വയനാട്ടില്‍ ഇത്രയും ആളുകളെ കാട്ടാന കൊന്നിട്ടും ഒന്ന് ആശ്വസിപ്പിക്കാന്‍ ഒരു മന്ത്രിക്കും കഴിഞ്ഞില്ല. വണ്ടിപ്പെരിയാറ്റില്‍ പെണ്‍കുഞ്ഞിനെ കൊന്നു കെട്ടിത്തൂക്കിയിട്ടും പിണറായി വിജയന്‍ മന്ത്രിസഭയിലെ ഏതെങ്കിലും ഒരു മന്ത്രി ആശ്വസിപ്പിക്കാനെത്തിയോ. അങ്ങ് മണിപ്പൂര്‍ കത്തിയെരിഞ്ഞപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അവിടെ ഒന്നു പോയോ. എന്തിന് മനസുലഞ്ഞുകൊണ്ട് ഒരു ആശ്വാസവാക്ക് പറഞ്ഞോ.വയനാട്ടിലും മണിപ്പൂരിലും സ്നേഹവും ആശ്വാസവുമായി എത്തിയത് രാഹുല്‍ ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!