ChuttuvattomThodupuzha

അധികൃതര്‍ കണ്ണടച്ചെങ്കിലും പ്രദേശവാസികള്‍ ഒത്തൊരുമിച്ചു ; കോളപ്ര പാലത്തില്‍ സിഗ്‌നല്‍ ലൈറ്റായി

തൊടുപുഴ : വാഹന യാത്രക്കാരുടെ ഏറെ നാളത്തെ യാത്രാ ദുരിതത്തിനു പരിഹാരമായി കോളപ്ര പാലത്തില്‍ സിഗ്‌നല്‍ ലൈറ്റ് പുനഃസ്ഥാപിച്ചു. സാങ്കേതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ജനപ്രതിനിധികളും പ്രാദേശിക ഭരണകൂടങ്ങളും ഇക്കാര്യത്തില്‍ മൗനം പാലിച്ചപ്പോള്‍ പ്രദേശവാസികള്‍ പിരിവിട്ടാണ് ഇതിന് ആവശ്യമായ തുക സ്വരൂപിച്ചത്. സിഗ്‌നല്‍ ലൈറ്റ് തകരാറിലായതിനെ തുടര്‍ന്ന് ആലക്കോട് – കുടയത്തൂര്‍ പഞ്ചായത്തുകളിലെ നൂറു കണക്കിനു ജനങ്ങള്‍ സഞ്ചരിക്കുന്ന കോളപ്ര പാലത്തിലൂടെയുള്ള വാഹന യാത്ര ദുരിതമായിട്ട് മാസങ്ങളായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നെങ്കിലും പരിഹാരം ഉണ്ടാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. കോളപ്ര പാലത്തിന്റെ മധ്യഭാഗത്തായി ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ചിരുന്ന സോളര്‍ കൊണ്ടുള്ള സിഗ്‌നല്‍ ലൈറ്റ് കണ്ണടച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

ഇരു വശത്തു നിന്നും ഒരുമിച്ച് വാഹനങ്ങള്‍ വീതി കുറഞ്ഞ പാലത്തിലേക്ക് പ്രവേശിക്കുന്നതോടെ ഇരു ഭാഗത്തേക്കും വാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കാതെ ഗതാഗത കുരുക്ക് പതിവായി. ഏതെങ്കിലും ഒരു ഭാഗത്തു നിന്നുള്ള വാഹനം പിന്നോട്ട് എടുത്ത് പാലത്തില്‍ നിന്ന് പുറത്തേക്ക് മാറ്റിയാല്‍ മാത്രമേ ഏതിര്‍ വശത്തു നിന്നുള്ള വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ സാധിക്കു എന്നതായിരുന്നു സ്ഥിതി. ഇരു വശത്തു നിന്നും കയറി വരുന്ന വാഹനങ്ങള്‍ പാലത്തിന്റെ മധ്യഭാഗത്ത് എത്തുന്നതോടെ ആര് പിന്നോട്ട് മാറ്റി എതിര്‍വശത്തെ വാഹനങ്ങളെ കടത്തി വിടും എന്നതിന്റെ പേരിലുള്ള വാക്കേറ്റവും പതിവായിരുന്നു. മലങ്കര ജലാശയത്തിന് മുകളിലൂടെ 220 മീറ്റര്‍ ദൂരത്തില്‍ 13 അടി വീതിയില്‍ നിര്‍മിച്ചിരിക്കുന്ന പാലത്തിലൂടെ ഒരേ സമയം ഒരു വാഹനത്തിന് മാത്രമേ കടന്നു പോകാനാകൂ. ഇരുചക്ര വാഹനത്തിന് പോകുവാന്‍ മാത്രമേ സൈഡ് ഉണ്ടാകൂ.

അതിനാല്‍ വലിയ വാഹനങ്ങള്‍ പച്ച സിഗ്‌നല്‍ ലൈറ്റ് കാണുമ്പോള്‍ പാലത്തിലേക്ക് കയറുകയാണ് ചെയ്തിരുന്നത്. ആര്‍ച്ച് രൂപത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന പാലത്തില്‍ എതിര്‍വശത്ത് നിന്ന് വാഹനം പാലത്തിലേക്ക് കയറുന്നത് കാണാന്‍ മറു ഭാഗത്തു നിന്നുള്ള ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ സാധിക്കാത്തതിനാല്‍ പാലത്തിന്റെ മധ്യ ഭാഗത്ത് എത്തുമ്പോഴാണ് വാഹനം കാണുക. സിഗ്‌നല്‍ ലൈറ്റ് ഇല്ലാതായതോടെയാണ് യാത്രക്കാരുടെ ദുരിതം വര്‍ധിച്ചത്. ജനങ്ങളുടെ യാത്രാ ദുരിതം രൂക്ഷമായതിനെ തുടര്‍ന്ന് പ്രദേശവാസികളുടെ നേതൃത്വത്തില്‍ വൈദ്യുതി ബോര്‍ഡുമായി ബന്ധപ്പെട്ട് ഇതിന് ആവശ്യമായ പണം ബോര്‍ഡില്‍ അടച്ചാണ് പുതിയ കണക്ഷന്‍ സ്ഥാപിച്ച് സിഗ്‌നല്‍ ലൈറ്റ് പ്രവര്‍ത്തന ക്ഷമമാക്കിയത്.

Related Articles

Back to top button
error: Content is protected !!