ChuttuvattomThodupuzha

ഇല്ലിചാരിയില്‍ പുലിയെ പിടികൂടാനായി കൂട് സ്ഥാപിച്ചു

തൊടുപുഴ : ഇടുക്കി കരിങ്കുന്നം ഇല്ലിചാരിയില്‍ ജനങ്ങളുടെ ഉറക്കം കെടുത്തുന്ന പുലിയെ പിടികൂടാനായി വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചു. ജനവാസ മേഖലയില്‍ ഭീതി വിതച്ച പുലിയുടെ സാന്നിധ്യം കൂടുതലായി കണ്ട ഇല്ലിചാരി മലയുടെ മുകളിലായാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. ഏറെ ശ്രകരമായാണ് മലമുകളിലേയ്ക്ക് കൂടെത്തിച്ചത്. അതേ സമയം ഇന്നലെ പുലര്‍ച്ചെയും വീടുകള്‍ക്ക് സമീപത്തും റോഡിലുമായി പുലിയെത്തിയത് ജനങ്ങള്‍ക്കിടയില്‍ കനത്ത ആശങ്കക്കിടയാക്കി.

പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ നിന്നും ഞായറാഴ്ച രാത്രിയിലാണ് കൂട് കൊണ്ടുവന്നത്. ഇന്നലെ വൈകുന്നേരത്തോടെ ഇല്ലിചാരി മലയില്‍ നാട്ടുകാരുടെ സഹായത്തോടെ വനപാലകര്‍ കൂട് സ്ഥാപിച്ചു. കൂട് തറയിലുറപ്പിച്ച് പനയോല ഉള്‍പ്പെടെയുള്ളവ കൊണ്ട് മറച്ച് ഉള്ളില്‍ ചത്ത കോഴിയെയും കെട്ടി തൂക്കിയാണ് കെണി ഒരുക്കിയിരിക്കുന്നത്. കൂട് സ്ഥാപിക്കുന്നതിനു മുന്നോടിയായി വെറ്ററിനറി സര്‍ജനും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. രണ്ടു മാസത്തോളമായി ഇല്ലിചാരി മേഖല പുലിപ്പേടിയിലാണ്. ഒട്ടേറെ വളര്‍ത്തു മൃഗങ്ങളെ അജ്ഞാത ജീവി ആക്രമിച്ചു കൊന്നിരുന്നെങ്കിലും പുലിയാണെന്ന കാര്യത്തില്‍ വ്യക്തത വന്നിരുന്നില്ല. കഴിഞ്ഞ ദിവസം വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞതോടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായത്.

 

Related Articles

Back to top button
error: Content is protected !!