ChuttuvattomThodupuzha

ഓത്താര്‍ട്ട്‌സ് സ്പോര്‍ട്ടിങ് ക്ലബ് 2-ാമത് അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് കിക്ക്ഓഫ്

തൊടുപുഴ: ഓത്താര്‍ട്ട്സ് സ്‌പോര്‍ട്ടിങ് ക്ലബ് നടത്തുന്ന 2-ാമത് അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് കിക്ക്ഓഫ്.
തൊടുപുഴ ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ ഫ്‌ളഡ്ലിറ്റ് ഗാലറി സ്റ്റേഡിയത്തില്‍ രാത്രി 9.30 മുതലാണ് മത്സരങ്ങളെന്ന് ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്മാരായ സോക്കര്‍ ഷോര്‍ണൂരും എവൈസി ഉച്ചാരക്കടവും തമ്മിലാണ് ആദ്യ മത്സരം. 9ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അധ്യക്ഷനാകും. ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എമാരായ എം.എം. മണി, ദലീമ ജോജോ, പി.ജെ. ജോസഫ്, ഇടുക്കി സബ് കളക്ടര്‍ അരുണ്‍ എസ്. നായര്‍, നടി നൂറിന്‍ ഷെരീഫ് തുടങ്ങിയവര്‍ പങ്കെടുക്കും.
4000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറിയ്‌ക്കൊപ്പം വി.ഐ.പി പവിലിയനും സ്ത്രീകള്‍ക്കായി പ്രത്യേക ഇരിപ്പിടങ്ങളും ഉണ്ടാവും. കാരുണ്യപ്രവര്‍ത്തനത്തിനുള്ള 80 രൂപ കൂപ്പണെടുത്താല്‍ ഒരു കളികാണാം. ഉദ്ഘാടനത്തിന് മുന്നോടിയായി സംഗീത റിയാലിറ്റി ഷോകളിലൂടെ പ്രശസ്തരായ മിലന്‍ ജോയി, നയാനിഗ, ഗ്രീഷ്മ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും. 1200 രൂപയ്ക്ക് സീസണ്‍ ടിക്കറ്റും എടുക്കാം. 20 ടീമുകള്‍ തമ്മില്‍ ആകെ 19 മത്സരങ്ങളുണ്ടാകും. ഐ.എസ്.എല്‍, സന്തോഷ് ട്രോഫി താരങ്ങളും വിദേശ പ്രതിഭകളും വിവിധ ടീമുകളില്‍ അണിനിരക്കും. സി.കെ. വിനീത്, മുഹമ്മദ് റാഫി എന്നിവരെ പങ്കെടുപ്പിച്ച് പ്രദര്‍ശന മത്സരം നടത്താനും ആലോചിക്കുന്നുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ക്ലബ് പ്രസിഡന്റ് പി.എച്ച്. കുഞ്ഞിതമ്പി, സെക്രട്ടറി ജിബു കെ. ജയന്‍, കെ.ടി. സലീം, ഇ.കെ. ഷക്കീര്‍ എന്നിവര്‍ പങ്കെടുത്തു.

 

 

 

 

Related Articles

Back to top button
error: Content is protected !!