ChuttuvattomThodupuzha

റോഡ് നിര്‍മ്മിക്കാന്‍ തയ്യാറാകാതെ അധികൃതര്‍ ; വോട്ട് ബഹിഷ്‌കരണം പ്രഖ്യാപിച്ച് നാട്ടുകാര്‍

തൊടുപുഴ : കോടിക്കുളം ചേന്നംകോട് സ്വദേശികള്‍ ഇത്തവണത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ല. നിര്‍മ്മാണം പൂര്‍ത്തിയാകാ തെ കിടക്കുന്ന ചേന്നംകോട് – ആനക്കല്ലുംപാടം – ഇടുക്കട റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അധികൃതരുടെ നടപടിയില്‍ പ്രതിക്ഷേധിച്ചാണ് വോട്ട് ബഹിഷ്‌കരണം. പ്രദേശത്തെ 50 ഓളം കുടുംബങ്ങളുടെ ഏക ആശ്രയമാണ് ചേന്നംകോട് – ആനക്കല്ലുംപാടം – ഇടുക്കട റോഡ് . പ്രായമായവരും രോഗികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പടെയുള്ള പ്രദേശവാസികള്‍ക്ക് അടിയന്തിര സാഹചര്യങ്ങളില്‍ ഒരു വാഹനം എത്തണമെങ്കില്‍ ഇരട്ടി ചാര്‍ജ് നല്‍കിയാല്‍ പോലും വാഹനങ്ങള്‍ വരാത്ത സ്ഥിതിയാണ്. വാഹനം കയറി വരാന്‍ സാധിക്കാത്തതിനാല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് . 37-വര്‍ഷമായി പ്രദേശവാസികളുടെ നിരന്തര ആവശ്യമാണ് റോഡ് നിര്‍മ്മിക്കണമെന്നത്. എന്നാല്‍ റോഡ് നിര്‍മ്മാണത്തിന്  പഞ്ചായത്ത് തുക വകയിരുത്തുമ്പോള്‍ സ്വകാര്യ വ്യക്തി നിയമ പ്രശ്നം ഉന്നയിച്ച് കോടതിയില്‍ നിന്നും സ്റ്റേ സമ്പാദിക്കും. ഇതോടെ റോഡ് നിര്‍മ്മാണം മുടങ്ങും. കോടതി അനുകൂല വിധി പുറപ്പെടുവിച്ചാലും വീണ്ടും ഇയാള്‍ കേസുമായി പോകുന്നതാണ് സ്ഥിതി. എന്നാല്‍ പ്രശ്നത്തില്‍ പഞ്ചായത്തും ജനപ്രതിനിധികളും കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. സ്വകാര്യ വ്യക്തി നിരന്തരം സ്റ്റേ വാങ്ങി നിര്‍മ്മാണം തടസപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ചും മുഖ്യമന്ത്രിക്ക് അടക്കം പരാതി കൊടുത്തിട്ടും നടപടി ഇല്ലാത്ത സാഹചര്യത്തിലുമാണ് ഇലക്ഷന്‍ ബഹിഷ്‌കരണം. ഇതിന് പുറമേ വരും ദിവസങ്ങളില്‍ റിലെ സത്യാഗ്രഹമടക്കം തുടര്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും പ്രദേശവാസികള്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി.

 

Related Articles

Back to top button
error: Content is protected !!