Thodupuzha

ബാങ്കുകളിലെ നിയമനം: ബി.ഇ.എഫ്.ഐ. അവകാശ ദിനം ആചരിച്ചു

തൊടുപുഴ: ബാങ്ക് ശാഖകളില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ബി.ഇ.എഫ്.ഐ. ആഭിമുഖ്യത്തില്‍ ജീവനക്കാര്‍ അവകാശ ദിനം ആചരിച്ചു. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തോടൊപ്പം നിയമനിരോധനവും ദ്രുതഗതിയില്‍ നടപ്പാക്കുകയാണ്. രണ്ട് ലക്ഷത്തോളം ഒഴിവുകള്‍ നികത്താതെ തൊഴിലുകളെല്ലാം താത്കാലികവല്‍ക്കരിക്കാനും പുറംകരാര്‍ നല്‍കാനുമാണ് നീക്കം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും, ബാങ്ക് ഓഫ് ബറോഡയും ഒരു പടി കൂടി കടന്ന് താത്കാലിക ജീവനക്കാരെ വിന്യസിക്കാന്‍ സബ്‌സിഡിയറി കമ്പനികള്‍ തന്നെ തുറന്നിരിക്കുന്നു. ഭാവിയില്‍ ഇന്ത്യയിലെ ബാങ്കുകളില്‍ സ്ഥിരം തൊഴിലുകളൊന്നും ഉണ്ടാകില്ല എന്നതാണ് സ്ഥിതി. നിലവിലുള്ള ഉഭയകക്ഷി കരാറുകളുടെ നഗ്‌നമായ ലംഘനമാണ് നടക്കുന്നത്. ലയനത്തെ തുടര്‍ന്ന് പൊതുമേഖലാ ശാഖകളും, ബാങ്കുകള്‍ തന്നെയും അടച്ചു പൂട്ടി ശേഷിക്കുന്നവയില്‍ നിയമനം നടത്താത്തതിലൂടെ സാധാരണക്കാരായ ഇടപാടുകാരാണ് വലയുന്നത്. ശാഖകളില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പുറംകരാര്‍ സമ്പ്രദായം നിറുത്തലാക്കുക, സബ്‌സിഡിയറികള്‍ മുഖാന്തിരമുള്ള കരാര്‍വല്‍ക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബി.ഇ.എഫ്.ഐ. ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 22 അവകാശ ദിനമായി ആചരിച്ചത്. ഡിമാന്റുകളടങ്ങിയ ബാഡ്ജ് ധരിച്ചാണ് ജീവനക്കാര്‍ ജോലിക്ക് ഹാജരായത്. തൊടുപുഴയില്‍ കനറാ ബാങ്കിന് മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ബി.ഇ.എഫ്.ഐ. സംസ്ഥാന ജനറല്‍ സെക്രട്ടറി സനില്‍ ബാബു.എന്‍ ഉദ്ഘാടനം ചെയ്തു. പി.എന്‍. പീയുഷ്, സന്ദീപ് കെ.എസ്., അമീഷ് ഡോമിനിക് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!