ChuttuvattomThodupuzha

നിയമപരമായ സാധ്യതകള്‍ പരിഗണിച്ചാണ് ഭൂപതിവ് നിയമത്തില്‍ മാറ്റം വരുത്തിയത് : മന്ത്രി കെ.രാജന്‍

തൊടുപുഴ : നിയമപരമായ സാധ്യതകള്‍ പരിഗണിച്ചാണ് ഭൂപതിവ് നിയമത്തില്‍ മാറ്റം വരുത്തിയതെന്ന് റവന്യു – ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍. തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമം അംഗീകാരിക്കാതെ 6 മാസക്കാലമാണ് കോള്‍ഡ് സ്റ്റോറേജില്‍ വെച്ചത്. എന്നാല്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമം അംഗീകരിച്ച് ഇപ്പോള്‍ ഔപചാരികമായി അനുമതി നല്‍കി. ഈ നിയമത്തിന് ഏറ്റവും വേഗത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. നിയമസഭ സമ്മേളനം അവസാനിച്ചാല്‍ മുമ്പ് നടത്തിയ പോലെ പൊതു സമൂഹവും നിയമസഭാ സാമാജികരുമായി ആവശ്യമായ കൂടിയാലോചനകള്‍ നടത്തിയാകും ചട്ടം നിശ്ചയിക്കുന്നത്. ഇടുക്കി ജില്ലയില്‍ മാത്രം പതിനായിരത്തോളം പട്ടയങ്ങള്‍ നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതിയില്‍ നിന്ന് വ്യക്തത ലഭിച്ചാല്‍ പട്ടയം വിതരണം ചെയ്യും.

പട്ടയം കൊടുക്കരുതെന്നോ പട്ടയത്തിന്റെ ചട്ടങ്ങള്‍ മാറ്റരുതെന്നോ കോടതി സര്‍ക്കാരിനോട് പറഞ്ഞിട്ടില്ല. കയ്യേറ്റങ്ങളെ കോടതിയും സര്‍ക്കാരും ഒരിക്കലും അംഗീകരിക്കുന്നില്ല. ഏറ്റവും വേഗത്തില്‍ പട്ടയങ്ങള്‍ വിതരണം ചെയ്യണം എന്നാണ് കോടതി പറയുന്നത്. കയ്യേറ്റവും കുടിയേറ്റവും രണ്ടാണ്. ടൂറിസത്തിന്റ പേരിലായാലും മറ്റ് എന്തിന്റെ പേരിലായാലും സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ അത് തീര്‍ച്ചയായും തിരികെ പിടിക്കും. മറ്റ് ഭൂമി ഇല്ലാത്ത പാവപ്പെട്ടവര്‍ ചെറിയ കുടില്‍ കെട്ടുന്നതിനും ചെറിയ വീട് വെക്കുന്നതിനും സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ അവരോടുള്ള സമീപനം ആയിരിക്കില്ല ഏക്കര്‍ കണക്കിന് കയ്യേറിയവരോട്. ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമി കയ്യേറുന്നവരെ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അവരെ തിരുത്താനും ഭൂമി തിരികെ പിടിക്കാനും കേരള സര്‍ക്കാര്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കും. ലോക സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധിയായ പ്രശ്‌നങ്ങള്‍ ഉയര്‍ന്നിരുന്നു. അത്തരം പ്രശ്‌നങ്ങള്‍ ആധികാരികമായി പരിശോധിക്കും. തെറ്റുകളുണ്ടായിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും തിരുത്തി കൃത്യതോടെ മുന്നോട്ട് പോകുന്ന സര്‍ക്കാരാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

 

Related Articles

Back to top button
error: Content is protected !!