Uncategorized

നേട്ടങ്ങളുടെ നിറവില്‍ ബിജിമോള്‍ ടീച്ചര്‍ക്ക് പടിയിറക്കം

തൊടുപുഴ : ചരിത്രം തിരുത്തി ന്യൂമാന്‍ കോളേജിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനം ഏറ്റെടുത്ത ഡോ. ബിജിമോള്‍ തോമസ് കലാലയത്തിനെ ഒരുപിടി നേട്ടങ്ങളുടെ നിറവില്‍ എത്തിച്ചശേഷം വിരമിക്കുന്നു.കോതമംഗലം രൂപതയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആദ്യ വനിതാ പ്രിന്‍സിപ്പല്‍ എന്ന ഖ്യാതിയിലാണ് ടീച്ചര്‍ 2022-ല്‍ സ്ഥാനമേറ്റെടുക്കുന്നത്. കഴിഞ്ഞമാസം നടന്ന നാക് അക്രഡിറ്റേഷനില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്‌കോറായ 3.71 ഗ്രേഡ് പോയിന്റോടെ എ++ ഗ്രേഡ് എന്ന നേട്ടത്തിലെത്തിച്ചതിന്റെ ചാരിതാര്‍ഥ്യത്തോടെയാണ് ടീച്ചര്‍ ന്യൂമാന്‍ കോളേജിന്റെ പടിയിറങ്ങുന്നത്.

കാസര്‍ഗോഡ് ഗവ. കോളജില്‍ ലക്ചററായി തുടങ്ങിയ ഡോ. ബിജിമോള്‍ തോമസിന്റെ അധ്യാപക ജീവിതം മൂന്നു പതിറ്റാണ്ടു നീണ്ടതാണ്. മുരിക്കാശേരി പാവനാത്മ കോളേജ്, മൂവാറ്റുപുഴ നിര്‍മല കോളേജ്, ന്യൂമാന്‍ കോളേജ് എന്നിവിടങ്ങളായി 28 വര്‍ഷം അധ്യാപികയായി സേവനം അനുഷ്ഠിച്ചു. ന്യൂമാന്‍ കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി, ഐക്യൂഎസി കോഓര്‍ഡിനേറ്റര്‍ എന്നി നിലകളിലുള്ള മികച്ച പ്രവര്‍ത്തനമാണ് ടീച്ചറെ കോളേജിന്റെ ഭരണനേതൃത്വത്തിലേക്ക് എത്തിച്ചത്. പത്തുവര്‍ഷത്തോളം കോളേജിലെ കലാപ്രവര്‍ത്തനങ്ങള്‍ ബിജിമോള്‍ തോമസിന്റെ നേതൃത്വത്തിലാണ് നടന്നിരുന്നത്. ടീച്ചര്‍ പ്രിന്‍സിപ്പലായിരുന്ന കാലയളവില്‍ 30-ഓളം യൂണിവഴ്‌സിറ്റി റാങ്കുകളും കായികരംഗത്ത് ദേശീയ തലത്തില്‍ തന്നെ നിരവധി സമ്മാനങ്ങളും കോളേജിനെ തേടിയെത്തി. മികച്ച കോളേജ് പ്രിന്‍സിപ്പലിനുള്ള കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അവാര്‍ഡും ടീച്ചറെ തേടിയെത്തി. പൗരസ്ത്യവിദ്യാപീഠത്തിന്റെ സെനറ്റ് മെംബര്‍ കൂടിയാണ് ബിജിമോള്‍ ടീച്ചര്‍. കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായിരുന്ന പിതാവ് പ്രഫ. സി.ജെ തോമസിന്റെ പാത പിന്തുടര്‍ന്നാണ് ടീച്ചര്‍ സാഹിത്യാധ്യാപികയായത്. ടീച്ചര്‍ക്കൊപ്പം സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം മേധാവി ഡോ. ജെയ്ന്‍ എ. ലൂക്ക്, സൂപ്രണ്ട് ഷൈലറ്റ് പീറ്റര്‍ എന്നിവരും സേവനകാലാവധി പൂര്‍ത്തിയാക്കി വിരമിക്കും.

 

Related Articles

Back to top button
error: Content is protected !!