ChuttuvattomThodupuzha

കൈക്കൂലിക്കേസ് : നഗരസഭാ ചെയര്‍മാന് താത്കാലികാശ്വാസം

തൊടുപുഴ : കൈക്കൂലിക്കേസില്‍ വിജിലന്‍സ് രണ്ടാം പ്രതിയാക്കിയ തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജിന് താത്കാലികാശ്വാസം. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് കേസ് തീര്‍പ്പാക്കും വരെ അറസ്റ്റ് പാടില്ലെന്ന കോടതിയുടെ ഉത്തരവാണ് ചെയര്‍മാന് പിടിവള്ളിയായത്. കേസില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സനീഷ് ജോര്‍ജ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കു പുറമെ ഇന്നലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും നല്‍കിയിരുന്നു. കേസ് പരിഗണിക്കുന്ന 22 വരെയാണ് അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. കേസില്‍ ഉള്‍പ്പെട്ടതോടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ചെയര്‍മാന്‍ എവിടെയാണെന്നുപോലും വ്യക്തതയില്ലായിരുന്നു.  ചോദ്യം ചെയ്യലിനായി മുട്ടത്തെ വിജിലന്‍സ് ഓഫീസില്‍ ഹാജരാകാനായിരുന്നു ചെയര്‍മാനോട് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഹാജരായാല്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന ഭയം മൂലം രോഗബാധിതനാണെന്നു ചൂണ്ടിക്കാട്ടി ഒരാഴ്ചത്തേക്ക് അവധി ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെയാണ് സനീഷ് ജോര്‍ജ് അഡ്വ. ടോം തോമസ് പൂച്ചാലില്‍, പി.ടി. ഷീജിഷ് എന്നിവര്‍ മുഖാന്തരം കോടതിയെ സമീപിച്ച് അറസ്റ്റ് തടയാനുള്ള ഉത്തരവ് നേടിയത്. എങ്കിലും ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് തടസമുണ്ടാവില്ല.

ഒരാഴ്ചയ്ക്കു ശേഷം ഇത്തരം നടപടികളിലേയ്ക്ക് കടക്കാനാണ് വിജിലന്‍സ് നീക്കം. കേസില്‍ താന്‍ നിരപരാധിയാണെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നുമാണ് സനീഷ് ജോര്‍ജ് ഹര്‍ജിയില്‍ ഉന്നയിച്ചത്. പരാതി ഉന്നയിച്ച സ്‌കൂള്‍ മാനേജ്‌മെന്റില്‍ ഉള്ളയാള്‍ക്ക് തന്നോട് മുന്‍ വൈരാഗ്യമുണ്ടായിരുന്നെന്നും ഇക്കാരണത്താല്‍ ഇവര്‍ മെനഞ്ഞ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുമെന്നാണ് ചെയര്‍മാന്‍ ഉന്നയിക്കുന്ന വാദം. സംഭവത്തില്‍ വിജിലന്‍സിനോട് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി നിര്‍ദേശം വന്നതോടെ ചെയര്‍മാന്റെ മൊബൈല്‍ ഫോണ്‍ വീണ്ടും ഓണായി. രാജിയില്ലെന്ന് ചെയര്‍മാനോട് അടുത്ത വൃത്തങ്ങളും അറിയിച്ചു. ഇതിനിടെ ചെയര്‍മാനെതിരേ സമര പരമ്പരകള്‍ വ്യാപകമായി അരങ്ങേറിയതോടെ പ്രശ്‌നത്തില്‍നിന്ന് തലയൂരാന്‍ ചെയര്‍മാനോട് രാജി വയ്ക്കാന്‍ സിപിഎം നേതൃത്വം നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ പാര്‍ട്ടി നിര്‍ദേശം മറികടന്ന് വൈസ് ചെയര്‍പേഴ്‌സണ് താത്കാലിക ചുമതല കൈമാറി അദ്ദേഹം അവധിയില്‍ പോകുകയായിരുന്നു. ചെയര്‍മാന്റെ നടപടി മൂലം സിപിഎം പ്രതിരോധത്തിലാകുകയും ചെയ്തു. സനീഷ് ജോര്‍ജിന്റെ നീക്കങ്ങള്‍ പാര്‍ട്ടി അറിഞ്ഞില്ലെന്ന നിലപാടിലാണ് സിപിഎം നേതൃത്വം. കൈക്കൂലിക്കേസില്‍ ഉള്‍പ്പെട്ടതിനാല്‍ രാജി വച്ച് അന്വേഷണം നേരിടണമെന്നു തന്നെയാണ് പാര്‍ട്ടി നിലപാടെന്ന് നേതാക്കളും വ്യക്തമാക്കി. എന്നാല്‍ രാജി വയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നാണ് ചെയര്‍മാന്റെ നിലപാട്. ആദ്യം രാജിസന്നദ്ധത അറിയിച്ച ചെയര്‍മാന്‍ പിന്നീട് ഇതില്‍നിന്നു മലക്കം മറിഞ്ഞത് പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമാണെന്നും സൂചനയുണ്ട്്.

Related Articles

Back to top button
error: Content is protected !!