ChuttuvattomThodupuzha

തൊമ്മന്‍കുത്ത് റൂട്ടില്‍ 15ന് ബസ് പണിമുടക്ക്

കരിമണ്ണൂര്‍ : തൊടുപുഴ-തൊമ്മന്‍കുത്ത്-വണ്ണപ്പുറം റോഡിലൂടെ സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ 15നു സൂചനാ പണിമുടക്ക് നടത്തും. നെയ്യശേരി-തൊക്കുമ്പന്‍സാഡില്‍ റോഡിന്റെ നിര്‍മ്മാണ ജോലികള്‍ നടന്നുവരുന്നതിനാല്‍ നിലവില്‍ തൊമ്മന്‍കുത്ത് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കോട്ടക്കവലയില്‍നിന്നു കോട്ടറോഡ്-മിഷന്‍കുന്ന്-മുളപ്പുറംവഴി തൊമ്മന്‍കുത്തിലേക്ക് തിരിച്ചുവിട്ടിരിക്കുകയാണ്. എന്നാല്‍, ആറുവര്‍ഷം മുന്‍പ് പിഎംജിഎസ് വൈ പദ്ധതിയില്‍ നിര്‍മിച്ച മിഷന്‍കുന്ന് റോഡ് പൂര്‍ണമായും തകര്‍ന്നതോടെ ഇതുവഴിയുള്ള യാത്ര ദുഷ്‌കരമായിരിക്കുകയാണ്.

ടാറിംഗ് പൂര്‍ണമായും നശിച്ച് മെറ്റല്‍ ഇളകി പലയിടത്തും വലിയ ഗര്‍ത്തംതന്നെ രൂപപ്പെട്ടിട്ടുണ്ട്. ഇതുവഴി സഞ്ചരിക്കുന്ന സ്വകാര്യബസുകള്‍ക്കടക്കം തകരാര്‍ സംഭവിക്കുന്നതും പതിവാണ്. ഇരുചക്രവാഹനയാത്രക്കാരാണ് കൂടുതല്‍ ബുദ്ധിമുട്ടിലായിരിക്കുന്നത്. കുഴിയില്‍ വീഴുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്. വാഹനങ്ങള്‍ കടന്നു പോകുന്നതോടെ പ്രദേശത്ത് പൊടിശല്യവും രൂക്ഷമാണ്. റോഡ് പൂര്‍ണമായും തകര്‍ന്ന് യാത്ര ദുഷ്‌കരമായിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഇതുവഴി സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ പണിമുടക്കി പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.അടിയന്തരമായി റോഡി ന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കാനും തയാറാകുമെന്ന് ബസുടമകള്‍ പറയുന്നു.

റോഡ് നിര്‍മാണം ഒച്ചിഴയും വേഗത്തില്‍

നെയ്യശേരി-തോക്കുമ്പന്‍സാഡില്‍ റോഡിന്റെ നവീകരണ ജോലികള്‍ ആരംഭിച്ചിട്ട് ഒരുവര്‍ഷം പിന്നിട്ടു. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താത്ത സാഹചര്യമാണ്. ജോലികള്‍ ഒച്ചിഴയും വേഗത്തിലാണ് നടക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.തൊമ്മന്‍കുത്ത് ചപ്പാത്തിനു പകരം ഇവിടെ പുതിയ പാലം ഉള്‍പ്പെടെ നിര്‍മിക്കേണ്ടതുണ്ട്. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതേയുള്ളൂ. മുളപ്പുറത്ത് പാലത്തിന്റെ നിര്‍മ്മാണം
പൂര്‍ത്തീകരിച്ചെങ്കിലും ഇരുഭാഗത്തും മണ്ണിട്ട് നികത്തുന്ന ജോലി പൂര്‍ത്തിയായിട്ടില്ല. കലുങ്കുകള്‍, ഓട എന്നിവയുടെ നിര്‍മ്മാണവും പാതിവഴിയിലാണ്. കരിമണ്ണൂരില്‍ നിന്നും ആരംഭിച്ച് മുളപ്പുറം, തൊമ്മന്‍കുത്ത്, മുണ്ടന്‍മുടി, വണ്ണപ്പുറം, പട്ടയക്കുടി എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന 30 കിലോമീറ്റര്‍ റോഡാണ് നവീകരിക്കുന്നത്. റോഡിന്റെ നിര്‍മാണത്തിനായി 130 കോടിയുടെ ടെന്‍ഡര്‍ നടപടികള്‍ നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു.രണ്ടുവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നാണ് കരാര്‍. മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന അക്ഷയ കണ്‍സ്ട്രക്ഷന്‍സാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ടെന്‍ഡര്‍ എടുത്തിരിക്കുന്നത്.

നിര്‍മ്മിക്കുന്നത്‌  29.25 കിലോമീറ്റര്‍

റോഡ് നിര്‍മ്മാണം വൈകുന്നതില്‍ പ്രതിഷേധം ശക്തമായതോടെ പി.ജെ. ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ നേരത്തെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. റോഡ് വികസനത്തിനു തടസമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതും പാറ പൊട്ടിക്കുന്നതും അടക്കമുള്ള വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. കരിമണ്ണൂര്‍-തൊമ്മന്‍കുത്ത് (9.74 കിലോ മീറ്റര്‍), തൊമ്മന്‍കുത്ത്-നാരങ്ങാനം-മുണ്ടന്‍മുടി (4.19 കിലോമീറ്റര്‍), വണ്ണപ്പുറം-പട്ടയക്കുടി (15.32 കിലോമീറ്റര്‍) എന്നിങ്ങനെയാണ്
നിര്‍മ്മാണം നടത്തുന്നത്.

ബി എം ആന്‍ഡ് ബിസി നിലവാരത്തിലാണ് റോഡ് ടാറിംഗ് നടത്തേണ്ടത്. പ്രധാന കരാറുകാരന്‍ നിര്‍മ്മാണ ജോലികളില്‍ ചിലത് ഉപകരാര്‍ നല്‍കിയിരിക്കുന്നതാണ് കാലതാമസം നേരിടാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. അതേസമയം കോട്ടക്കവലയില്‍ പുതുതായി ആരംഭിച്ച ക്വാറിയില്‍ നിന്നും കരിങ്കല്ല് കയറ്റിപ്പോകുന്ന ടോറസ് ലോറികളുടെ ഇടതടവില്ലാത്ത സഞ്ചാരം മൂലം കോട്ട-പള്ളിക്കാമുറി റോഡും തകര്‍ച്ചയുടെ വക്കിലാണ്. റോഡ് തകര്‍ന്ന് യാത്രക്കാരുടെ നടുവൊടിയുമ്പോഴും പൊതുമരാമത്ത് വകുപ്പ് നോക്കുകുത്തിയായി മാറുകയാണ്. റോഡിന്റെ അറ്റകുറ്റപ്പണി ഇനിയും വൈകിയാല്‍ പൗരസമിതിയുടെ നേതൃത്വത്തില്‍ ശക്തമായ സമരവുമായി രംഗത്തിറങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

 

Related Articles

Back to top button
error: Content is protected !!