ChuttuvattomThodupuzha

കാഡ്‌സ് ഗ്രീന്‍ഫെസ്റ്റ് വിത്ത് മഹോത്സവം ഇന്ന് മുതല്‍

തൊടുപുഴ : പത്താമുദായത്തോടനുബന്ധിച്ച് കാഡ്‌സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗ്രീന്‍ഫെസ്റ്റ് വിത്ത് മഹോത്സവം ഇന്ന് വെങ്ങല്ലൂര്‍ – മങ്ങാട്ടുകവല ബൈപാസിലെ കാഡ്‌സ് വില്ലേജ് സ്‌ക്വയറില്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വൈകിട്ട് 5ന് പി.ജെ ജോസഫ് എംഎല്‍എ ഗ്രീന്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. കാഡ്‌സ് ചെയര്‍മാന്‍ ആന്റണി കണ്ടിരിക്കല്‍ അധ്യക്ഷത വഹിക്കും. ഇളനീര്‍ തെങ്ങിന്‍ തൈകളുടെ വിതരണോദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നിര്‍വഹിക്കും. തരിശായിക്കിടക്കുന്ന കൃഷിഭൂമി ഏറ്റെടുത്ത് ശാസ്ത്രീയവും വാണിജ്യ പ്രാധാന്യമുള്ളതുമായ കൃഷിയിറക്കുന്ന ഹരിതം മധുരം പദ്ധതിയുടെ ഉദ്ഘാടനം ഫാ. സ്റ്റാന്‍ലി കുന്നേല്‍ നിര്‍വഹിക്കും. കാലി വളര്‍ത്തല്‍ മേഖലയില്‍ മികവ് തെളിയിച്ച കുട്ടിക്കര്‍ഷകരായ മാത്യു ബെന്നി, ജോര്‍ജ് ബെന്നി എന്നിവരെ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി. രാജശേഖരന്‍ ആദരിക്കും.

കാര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശനവും ഹൈബ്രീഡ് പച്ചക്കറി തൈകളുടെ ശേഖരവും ചക്ക വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നാടന്‍ ഭക്ഷ്യമേളയും ഗ്രീന്‍ഫെസ്റ്റിന്റ ഭാഗമായി നടക്കും. ഇതിനു പുറമെ എല്ലാ ദിവസവും മെഡിക്കല്‍ ക്യാമ്പുകളും സെമിനാറും നടക്കും.23ന് രാവിലെ 10ന് ചാഴികാട്ട് ആശുപത്രിയുടെ നേതൃത്വത്തില്‍ മള്‍ട്ടി സ്‌പെഷാലിറ്റി മെഡിക്കല്‍ ക്യാമ്പ് നടക്കും. 10.30 ന് ശാസ്ത്രീയ തെങ്ങ് കൃഷിയും പരിപാലനവും എന്ന വിഷയത്തില്‍ റിട്ട. അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സൂസന്‍ ബെഞ്ചമിന്‍ ക്ലാസ് നയിക്കും. 24ന് നടക്കുന്ന ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പിന് പാലാ മാര്‍സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റല്‍ നേതൃത്വം നല്‍കും. 10.30ന് മണ്ണിന്റെ ആരോഗ്യ പരിപാലനത്തിലൂടെ അധിക വിളവ് എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ കൃഷി റിട്ട. ജോയിന്റ് ഡയറക്ടര്‍ വി.കെ.സജിമോള്‍ നയിക്കും.

25ന് അല്‍ അസര്‍ ദന്തല്‍ കോളജിന്റെ നേതൃത്വത്തില്‍ ദന്തരോഗ നിര്‍ണയക്യാമ്പ് നടക്കും. 10.30 ന് ഒരു ലക്ഷം രൂപ മുടക്കി ഒരു സംരംഭം തുടങ്ങാം എന്ന വിഷയത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസമ്മ സാമുവേല്‍ ക്ലാസ് നയിക്കും. 26ന് മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയുടെ നേതൃത്വത്തില്‍ നേത്ര പരിശോധന ക്യാമ്പ് നടക്കും. 27ന് മൂലമറ്റം തേനീച്ച വളര്‍ത്തല്‍ പരിശീലന കേന്ദ്രം ഡയറക്ടര്‍ ഡോ.കെ.സാജന്‍ ജോസ് സെമിനാര്‍ നയിക്കും.

Related Articles

Back to top button
error: Content is protected !!