ChuttuvattomThodupuzha

വികസന സ്തംഭനത്തിന്റെ ഉത്തരവാദിത്വം ചെയര്‍മാന് : അഡ്വ. ജോസഫ് ജോണ്‍

തൊടുപുഴ: നഗരസഭയുടെ വികസന സ്തംഭനത്തിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടെ മേല്‍ ചാര്‍ത്തി രക്ഷപ്പെടാനുള്ള മുന്‍സിപ്പല്‍ ചെയര്‍മാന്റെ നീക്കം വിലപ്പോവില്ലെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാരസമിതി അംഗവും മുനിസിപ്പല്‍ കൗണ്‍സിലറുമായ അഡ്വ. ജോസഫ് ജോണ്‍.
വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും പ്രാവര്‍ത്തികമാക്കാനും ഭരണ നേതൃത്വത്തിന് ഇച്ഛാശക്തി ഇല്ലാത്തതാണ് യഥാര്‍ത്ഥ പ്രതിസന്ധി. നഗരസഭയിലെ ഉദ്യോഗസ്ഥരാണ് എല്ലാത്തിനും കാരണക്കാര്‍ എന്ന് പറയുന്ന ചെയര്‍മാന്‍ അവരുടെ മേല്‍ യാതൊരു നിയന്ത്രണവും ഇല്ലെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ്. മങ്ങാട്ടുവല ബസ് സ്റ്റാന്‍ഡ് കഴിഞ്ഞ മൂന്നുവര്‍ഷമായി ഉപയോഗിക്കാതെ അനാഥമായി കിടക്കുന്നത് മൂലം വാടക ഇനത്തില്‍ മാത്രം പ്രതിവര്‍ഷം ഓരോ കോടി രൂപ നഷ്ടപ്പെടുത്തിയിട്ട് ഭരണത്തിന് നേതൃത്വം വഹിക്കുന്ന ചെയര്‍മാന് ഈ വീഴ്ച ഉദ്യോഗസ്ഥരുടെ മേല്‍ കെട്ടിയേല്‍പ്പിക്കുന്നതിന് യാതൊരു ന്യായീകരണവും ഇല്ല. ഈ കോംപ്ലക്‌സിലെ മുറികള്‍ ലേലം ചെയ്താല്‍ ലഭിക്കുന്ന ഡെപ്പോസിറ്റ് തുക കൊണ്ട് ഇതിനായി എടുത്തിട്ടുള്ള വായ്പ മുഴുവന്‍ തിരിച്ചടയ്ക്കാന്‍ കഴിയും. മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട് സ്റ്റേഷന്‍ നിര്‍മ്മാണം ആരംഭിച്ചിട്ട് നാലുവര്‍ഷം കഴിഞ്ഞു. നഗരത്തിലെ വഴിവിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ പദ്ധതിയിടാത്തത് കാര്യക്ഷമത ഇല്ലായ്മയുടെ പ്രകടമായ ഉദാഹരണമാണ്. നഗരവിളക്കുകള്‍ പ്രകാശിപ്പിക്കുവാന്‍ കൗണ്‍സിലര്‍മാര്‍ നിരവധി തവണ കക്ഷിഭേദമന്യേ സമരം ചെയ്യേണ്ടിവന്നു. ഈ കൗണ്‍സില്‍ അധികാരത്തില്‍ വന്നതിന് ശേഷം എന്തെങ്കിലും ഒരു പുതിയ പദ്ധതി ആരംഭിക്കുവാന്‍ കഴിഞ്ഞില്ല. നഗരസഭക്ക് സര്‍ക്കാരില്‍ നിന്ന് പദ്ധതി വിഹിതമായി നല്‍കിയ തുക വിനിയോഗിക്കാന്‍ കഴിയാതെ ലാപ്‌സ് ആക്കുന്നത് ആരുടെ വീഴ്ചകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
ഭരണ സംവിധാനത്തെ കുറിച്ച് യാതൊരു കാഴ്ചപ്പാടോ ദീര്‍ഘവീക്ഷണമോ ഭരണപരിചയമോ ഇല്ലാത്തത് മൂലം ഉണ്ടാവുന്ന വീഴ്ചകള്‍ ഉദ്യോഗസ്ഥരുടെ മേല്‍ ചാര്‍ത്തുന്നത് ഒട്ടും ഉചിതമല്ല. നഗരസഭയുടെ ഫണ്ട് ചെയര്‍മാന്റെ കയ്യൊപ്പില്ലാതെ ഒരു പൈസ പോലും ചെലവഴിക്കാന്‍ കഴിയുകയില്ല എന്ന് എല്ലാവര്‍ക്കും അറിയാം.

നഗരത്തിലെ മാലിന്യനീക്കം പൂര്‍ണമായി നിര്‍ത്തിയതിന്റെ ഫലമായി മാലിന്യം നാട് നീളെ കൂട്ടിയിട്ട് കത്തിക്കുകയാണ്. ഇത് ചൂണ്ടിക്കാട്ടിയിട്ടും ചെയര്‍മാന് യാതൊരുവിധ ഉത്കണ്ഠയും തോന്നുന്നില്ല. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കത്തിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ആണ് സൃഷ്ടിക്കുന്നത്. മാലിന്യ സംസ്‌കരണത്തിന് പണം ലഭ്യമാണെങ്കിലും ചിലവഴിക്കാന്‍ പദ്ധതിയില്ലാത്തതാണ് യഥാര്‍ത്ഥ പ്രതിസന്ധി. തൊടുപുഴ വെസ്റ്റ് മാര്‍ക്കറ്റിലെ മാലിന്യ സംസ്‌കരണത്തിനുള്ള ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തിക്കാതെയായിട്ട് മാസങ്ങള്‍ ആയിട്ടും യാതൊരു നടപടികളും ഇല്ലാത്തത് ഉദ്യോഗസ്ഥ വീഴ്ച കൊണ്ടാണോ എന്ന് അദ്ദേഹം ചോദിച്ചു. തൊടുപുഴ നഗരസഭയുടെ നേതൃത്വത്തില്‍ ഒരു വികസന പ്രവര്‍ത്തനങ്ങളും നടക്കാത്ത മൂന്നു വര്‍ഷമാണ് അവസാനിച്ചത്. മുനിസിപ്പല്‍ റോഡുകള്‍ എല്ലാം കുണ്ടും കുഴികളുമായി കിടക്കുകയാണ്. അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഇന്നത്തെ സംവിധാനത്തിന് പൂര്‍ണ്ണ ഉത്തരവാദി നഗരസഭ ചെയര്‍മാനും ഭരണ നേതൃത്വവും തന്നെ ആണെന്ന് അദ്ദേഹം പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!