ChuttuvattomThodupuzha

കാഞ്ഞിരമറ്റം മഹാദേവക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠയ്ക്കു മുന്നോടിയായി ചതുഃശുദ്ധി പൂജകള്‍

തൊടുപുഴ: കാഞ്ഞിരമറ്റം മഹാദേവക്ഷേത്രത്തില്‍ പുനഃ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള വൈദികചടങ്ങുകള്‍ തന്ത്രി മണക്കാട്ട് ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തുടരുന്നു. ചതുഃശുദ്ധി പൂജകള്‍ നടന്നു. പ്രത്യേകം തയാറാക്കിയ യജ്ഞശാലയിലും നവീകരിക്കപ്പെട്ട ശ്രീകോവിലിലുമായാണ് കര്‍മ്മങ്ങള്‍ നടന്നുവരുന്നത്. പാരമ്പര്യവിധിപ്രകാരം മുളയും ഓലയും ഉപയോഗിച്ചാണ് ക്ഷേത്രമുറ്റത്ത് യജ്ഞശാല തയ്യാറാക്കിയിരിക്കുന്നത്. ചതുഃശുദ്ധി , വിവിധ കലശപൂജകള്‍ , മുളപൂജ , പ്രോക്ത ഹോമം , തത് കലശാഭിഷേകം തുടങ്ങിയ ആചാരപരമായ ചടങ്ങുകള്‍ നടന്നു. വൈകിട്ട് വിശേഷാല്‍ ദീപാരാധനയ്ക്കു ശേഷം വേദിയില്‍ തിരുവാതിരയും ശാസ്ത്രീയ നൃത്തവും അരങ്ങേറി . മൂവാറ്റുപുഴ നാദബ്രഹ്‌മം ഓര്‍ക്കസ്ട്രയുടെ ഭക്തിഗാനസുധയും നടന്നു.
ബുധനാഴ്ച്ച പ്രായശ്ചിത്തഹോമം , സ്വശാന്തിഹോമം , ചോരശാന്തിഹോമം , വിവിധ കലശാഭിഷേകപൂജകള്‍ എന്നിവ നടക്കും . വൈകിട്ട് 5. 30 നു സ്ഥലശുദ്ധിപൂജകളും 6.30 നു വിശേഷാല്‍ ദീപാരാധനയും നടക്കും. തുടര്‍ന്ന് വേദിയില്‍ തിരുവാതിരയും ഭക്തിഗാനമേളയും നൃത്തനൃത്യങ്ങളും അരങ്ങേറും .
പുനഃപ്രതിഷ്ഠാദിനമായ 22 നു ജീവകലശം , ബ്രഹ്‌മകലശം , പരികലശം, ധ്യാനാധിവാസ കലശം , യജ്ഞകലശം തുടങ്ങിയ അഭിഷേകങ്ങളോടെയാണ് ചടങ്ങുകള്‍ നടക്കുന്നത്. ഭക്തര്‍ക്ക് യജ്ഞകലശങ്ങള്‍ മുന്‍കൂട്ടി സമര്‍പ്പിക്കുന്നതിന് വേണ്ടി പ്രത്യേകം കൗണ്ടറുകളും ക്ഷേത്രത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.

 

Related Articles

Back to top button
error: Content is protected !!