ChuttuvattomThodupuzha

ക്രൈസ്തവ വിശ്വാസവും, ദേവാലയവും, വൈദികരും സംരക്ഷിക്കപ്പെടണം: വാഴക്കുളം ഇടവക

വാഴക്കുളം : സെന്റ് ജോര്‍ജ് ഫൊറോന പള്ളിയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ വിശ്വാസ സംരക്ഷണ റാലി സംഘടിപ്പിച്ചു. പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ ദൈവാരാധനയും തിരുക്കര്‍മ്മങ്ങളും തടസ്സപ്പെടുത്തുകയും വൈദികനെ ആക്രമിക്കുകയും ചെയ്ത കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ക്രൈസ്തവ വിശ്വാസവും, ദേവാലയങ്ങളും, വൈദികരും സംരക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ദേവാലയ അങ്കണത്തില്‍ നിന്നാണ് റാലി ആരംഭിച്ചത്. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം എ കെ സി സി രൂപതാ പ്രസിഡന്റ് ജോസ് പുതിയടം ഉദ്ഘാടനം ചെയ്തു. ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസ് മോനിപ്പിള്ളില്‍ വിശ്വാസ പ്രഖ്യാപന സന്ദേശം നല്‍കി. ക്രൈസ്തവ വിശ്വാസത്തെയും, തിരുകര്‍മ്മങ്ങളെയും അധിക്ഷേപിക്കുകയും ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഗൂഢ നീക്കങ്ങളെ തിരിച്ചറിയണമെന്നും സാമുദായിക ബോധത്തോടെ കൂട്ടായ്മയോടും ഐക്യത്തോടും കൂടി ശക്തമായ പ്രാര്‍ത്ഥനയില്‍ ദൈവത്തില്‍ ആശ്രയിച്ചു അതിജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് വൈകിട്ട് 5ന് ചേര്‍ന്ന പാരിഷ് കൗണ്‍സില്‍ യോഗം പ്രതിഷേധ പ്രമേയം പാസാക്കി. ഫൊറോന വികാരി ഫാ. ജോസ് കുഴികണ്ണിയില്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. സിറില്‍ വള്ളോംകുന്നേല്‍, ഫാ. മാത്യു എടാട്ട്, ഫാ. ജോസ് മോനിപ്പിള്ളില്‍, കൈക്കാരന്മാരായ ജോസ് കൊട്ടുപ്പിള്ളില്‍, ജോസ് കൊച്ചുപുരയ്ക്കല്‍, ഫ്രാന്‍സിസ് കോട്ടയില്‍, എ കെ സി സി, പിതൃവേദി, മാതൃവേദി, കെസിവൈഎം ഭാരവാഹികള്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!