IdukkiThodupuzha

ശുചിത്വ സുന്ദരം നവകേരളസദസ്സ്; മാതൃകയായി ഹരിതകർമസേന

തൊടുപുഴ മണ്ഡലത്തിലെ നവകേരളസദസിൽ പിഴവില്ലാത്ത ശുചീകരണപ്രവർത്തനങ്ങളുമായി മാതൃകയായി ഹരിതകർമസേന. നവകേരള സദസ്സ് സമ്പൂർണ ശുചിത്വം പാലിച്ചു കൊണ്ടായിരിക്കണം സംഘടിപ്പിക്കേണ്ടത് എന്ന നിർദേശം അക്ഷരംപ്രതി പാലിച്ചു കൊണ്ടായിരുന്നു ഹരിതകർമ സേനയുടെ പ്രവർത്തനം.
ഗാന്ധി സ്ക്വയറിൽ നടന്ന സദസിൽ ജനനായകരെ വരവേൽക്കാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. മൈതാനം സദാ ശുചിയായി സൂക്ഷിക്കാൻ തൊടുപുഴ നഗരസഭയിലെ 67ഓളം ഹരിതകർമസേനാ പ്രവർത്തകരാണ് ഊർജസ്വലരായി രംഗത്തിറങ്ങിയത്. സദസ്സിനെത്തിയ ജനാവലി ഉപേക്ഷിച്ച ജൈവ, അജൈവ മാലിന്യങ്ങൾ സമയാസമയം ഇവർ ശേഖരിച്ച്, തരം തിരിച്ചു. ഭക്ഷണമാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കാൻ വേദിക്കു മുൻവശത്തായി ശുചിത്വ മിഷൻ റിംഗ് കമ്പോസ്റ്റും സ്ഥാപിച്ചിരുന്നു. മറ്റ് ജൈവമാലിന്യങ്ങൾ എംസിഎഫിലേക്ക് മാറ്റുന്നതിനും സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. ഒപ്പം അപേക്ഷകളുമായി എത്തിയവർക്ക് കുടിവെള്ളവും ഭക്ഷണവും ഇവർ വിതരണം ചെയ്തു. സദസ്സിന് ശേഷം രാത്രി ഏറെ വൈകിയും കർമനിരതരായിരുന്ന ഹരിതകർമസേനാംഗങ്ങളുടെ കൂടി വിജയമാണ് തൊടുപുഴ നിവാസികൾ ആഘോഷമാക്കിയ നവകേരളസദസ്.

Related Articles

Back to top button
error: Content is protected !!