ChuttuvattomThodupuzha

കൊക്കോ വില സര്‍വകാല റെക്കോര്‍ഡില്‍

തൊടുപുഴ : സാധാരണക്കാരുടെ കൈത്താങ്ങായ കൊക്കോയുടെ വില സര്‍വകാല റെക്കോര്‍ഡില്‍. ഒരു കിലോ ഉണങ്ങിയ കൊക്കോ പരിപ്പിന് 495-500 (മുരിക്കാശേരി മാര്‍ക്കറ്റ്) രൂപയാണ് ഇന്നലത്തെ വില. പച്ചക്കുരുവിന് 190-200 രൂപയാണ് മാര്‍ക്കറ്റ് വില. ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞതാണ് വില സര്‍വകാല റെക്കോര്‍ഡില്‍ എത്താന്‍ കാരണം. അടുത്ത കാലത്ത് വരെ പുരയിടങ്ങളില്‍ നിന്നും കൂട്ടത്തോടെ വെട്ടിമാറ്റിയിരുന്ന കൊക്കോ ഇന്ന് കര്‍ഷകര്‍ക്ക് ജീവിത മാര്‍ഗം കൂടിയാണ്. കുറഞ്ഞ പരിപാലന ചിലവുകളും രോഗകീടങ്ങളുടെ കാര്യമായ ആക്രമണമില്ലാത്തതുമാണ് ഈ വിളയെ ആകര്‍ഷകമാക്കുന്നത്. പഴയ കാലത്തെ നാടന്‍ കൊക്കോ ചെടികള്‍ ഇപ്പോള്‍ തൊടികളിലെങ്ങുമില്ല. മികച്ച വിളവ് നല്‍കുന്ന ഹൈബ്രീഡ് തൈകളാണ് ഇപ്പോഴുള്ളത്. ഹൈബ്രീഡ് കൊക്കോ തൈകള്‍ ശിഖിരങ്ങളായി പന്തലിക്കുകയാണ് പതിവ്. പുറംതോടിന് കനം തീര്‍ത്തും കുറവായതിനാല്‍ ഉള്ളില്‍ നിറയെ പരിപ്പ് കാണും. മഴക്കാലത്ത് അടിവളമായി നേര്‍പ്പിച്ച ചാണകം നല്‍കാം. രാസവളപ്രയോഗവും ചെറുതായി നടത്താം. കൃത്യസമയത്ത് പ്രൂണിംഗും നടത്തണം. അധികമായുണ്ടാവുന്ന ശിഖിരങ്ങള്‍ മുറിച്ചു മാറ്റി തായ്ത്തടിയില്‍ സൂര്യപ്രകാശം കിട്ടുന്നതിനാണ് പ്രൂണിംഗ് നടത്തുന്നത്.

1980 കാലഘട്ടങ്ങളിലാണ് ഹൈറേഞ്ചിന്റെ മണ്ണില്‍ കൊക്കോയ്ക്ക് സ്ഥാനം ലഭിക്കുന്നത്. ചോക്ലേറ്റ് ഉള്‍പ്പെടെയുള്ള ബേക്കറി വിഭവങ്ങളില്‍ ഇടം പിടിച്ചതോടെയാണ് കാര്‍ഷിക വിളയായി കൊക്കോ പരിണമിക്കുന്നത്. ഒരു വിധം കരുത്തുള്ള മരത്തില്‍ നിന്നു പറിച്ചെടുക്കുന്ന 15 കായ്കള്‍ കൊണ്ട് ഒരു കിലോ ഉണക്ക പരിപ്പ് ഉല്‍പ്പാദിപ്പിക്കാം. പഴുപ്പ് ആരംഭിച്ച് തുടങ്ങിയ കൊക്കോയാണ് പറിച്ചെടുക്കേണ്ടത്. ഇവ വെള്ളം ചേര്‍ത്ത് പുളിപ്പിച്ച ശേഷം ചാക്കില്‍ കെട്ടിവച്ച് വെള്ളം വാര്‍ന്നു പോകാന്‍ അനുവദിക്കണം. ഇതിനു ശേഷം ഉണക്കിയെടുത്താല്‍ മാത്രമേ നല്ല തവിട്ടു നിറവും ഗുണമേന്മയും ലഭിക്കൂ. ഇങ്ങനെ തയ്യാറാക്കുന്ന കൊക്കോ പരിപ്പിന് ഉയര്‍ന്ന വിലയും കിട്ടും. അതേസമയം അഴുകല്‍ രോഗവും മഞ്ഞളിപ്പുമെല്ലാം കൃഷിക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്. എലി, അണ്ണാന്‍, മരപ്പട്ടി തുടങ്ങിയവ കായകള്‍ തിന്നു നശിപ്പിക്കുന്നതും വ്യാപകമാണ്.

Related Articles

Back to top button
error: Content is protected !!