CrimeThodupuzha

മലേഷ്യയില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായി പരാതി

തൊടുപുഴ : മലേഷ്യയില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായി പരാതി. തട്ടിപ്പിനിരയായ മൂന്നു പേര്‍ തൊടുപുഴ ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കി. മുട്ടം സ്വദേശി ഷോണറ്റ് , ഇടമറുക് സ്വദേശി അഞ്ജന മോഹന്‍, മൂലമറ്റം സ്വദേശി ജിപ്സി മോള്‍ ജയ്സണ്‍ എന്നിവരാണ് ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കിയത്. മുട്ടം മാത്തപ്പാറ സ്വദേശി കെ.ജെ.അമലിനെതിരെയാണ് പരാതി നല്‍കിയത്. മലേഷ്യയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്ത്് 2,20,000 രൂപ വീതമാണ് പരാതിക്കാരുള്‍പ്പെടെ ആറു പേരില്‍ നിന്നും അമല്‍ തട്ടിയെടുത്തത്. അമലും കൂട്ടാളികളായ ജിബിന്‍ സണ്ണി, ഹരിപ്പാട് സ്വദേശികളായ ജോണ്‍, മനോജ് എന്നിവര്‍ ചേര്‍ന്ന് പണം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

ആറു മാസം മുമ്പാണ് അമലിന് ഇവര്‍ പണം നല്‍കിയത്. പിന്നീട് ജോലിയും പണവും ലഭിക്കാതെ വന്നതോടെ പോലീസിനെ സമീപിക്കുകയായിരുന്നു. ഒരാള്‍ക്ക് വിമാന ടിക്കറ്റും പിന്നീട് വര്‍ക്ക് പെര്‍മിറ്റും അയച്ചു നല്‍കിയെങ്കിലും ഇത് വ്യാജമായിരുന്നെന്ന് പിന്നീട് വ്യക്തമായി. ഇതിനിടെ ജോലിക്കായി രേഖകള്‍ തയ്യാറാക്കിയ കോട്ടയം സ്വദേശി 60000 രൂപ വീതം നാലു പേര്‍ക്ക് മടക്കി നല്‍കി. ഇപ്പോള്‍ അര്‍മേനിയയിലുള്ള അമലിനെ പല തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുക്കാറില്ലെന്ന് തട്ടിപ്പിനിരയായവര്‍ പറഞ്ഞു. അമലിന്റെ വീട്ടുകാരെ ബന്ധപ്പെട്ടെങ്കിലും അവരും ഒഴിഞ്ഞു മാറുകയായിരുന്നു. ജോണാണ് പണം തട്ടിയെടുത്തതെന്നാണ് അമലിന്റെ കുടുംബം പറയുന്നത്. തുടര്‍ന്നാണ് പണം നഷ്ടപ്പെട്ടവര്‍ തൊടുപുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. അമലും സംഘവും നേരത്തെയും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയതായും സൂചനയുണ്ട്. മലേഷ്യയില്‍ ജോലിക്കായി പോയ യുവാവ് തട്ടിപ്പിനിരയായതിനെ തുടര്‍ന്ന് മലേഷ്യന്‍ പോലീസ് പിടികൂടി തിരിച്ചയച്ചതായും വിവരമുണ്ട്.

 

Related Articles

Back to top button
error: Content is protected !!