ChuttuvattomThodupuzha

ജില്ലയില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം

തൊടുപുഴ: ഭൂപതിവ് നിയമ ഭേദഗതി ബില്ലില്‍ ഒപ്പിടാത്ത ഗവര്‍ണ്ണര്‍ തൊടുപുഴയില്‍ എത്തുന്നതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. അതേസമയം കെഎസ്ആര്‍ടിസി സര്‍വീസ് നടത്തി. ഏതാനും ചില സ്വകാര്യ വാഹനങ്ങളും ഓട്ടോ ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങി. രാവിലെ നടന്ന പ്രകടനത്തിടെ ഹൈറേഞ്ചിലടക്കം ചില വാഹനങ്ങള്‍ തടഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. തൊടുപുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് രാവിലെ 44 ബസുകള്‍ സര്‍വീസ് നടത്തി. ജില്ലയില്‍ ഹൈറേഞ്ചിലേക്കുള്ള നാല് സര്‍വീസുകള്‍ മാത്രമാണ് മുടങ്ങിയതെന്ന് അധികൃതര്‍ പറഞ്ഞു. ഗവര്‍ണര്‍ തൊടുപുഴയിലെത്തിയതോടെ എസ്എഫ്‌ഐ,ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കരിങ്കൊടി കാണിച്ചത് സംഘര്‍ഷത്തിലേക്ക് നീങ്ങി. കനത്ത പോലീസ് വലയത്തിലായിരുന്ന നഗരത്തില്‍ എട്ടോളം ഇടങ്ങളില്‍ കരിങ്കൊടി പ്രതിഷേധം ഉണ്ടായെങ്കിലും അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല.

രാവിലെ 9ന് തൊടുപുഴ മാതാ ഷോപ്പിങ് കോംപ്ലക്‌സിന് സമീപത്ത് നിന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍ അനുകൂല പ്രകടനം നടത്തി. മങ്ങാട്ടുകവല ഭാഗത്തു നിന്ന് സിപിഎം തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെ പ്രകടനവുമെത്തി. ബിഎസ്എന്‍എല്‍ ജംഗ്ഷനില്‍ ഒത്തുചേര്‍ന്ന ശേഷം ഒന്നായി മര്‍ച്ചന്റ്സ് ട്രസ്റ്റ് ഹാള്‍ പരിസരത്തേക്ക് നീങ്ങി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനം റോട്ടറി ജംഗ്ഷനില്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. യോഗത്തില്‍ സിപിഎം ഏരിയ സെക്രട്ടറിമാരായ മുഹമ്മദ് ഫൈസല്‍, ടി.കെ. ശിവന്‍നായര്‍, ടി.ആര്‍. സോമന്‍, സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം പി.പി. ജോയി, നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

 

 

Related Articles

Back to top button
error: Content is protected !!