ChuttuvattomThodupuzha

വി.മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ അലങ്കോലപ്പെടുത്തിയ സിപിഎം ഇടപെടല്‍ അപലപനീയം : കുമ്മനം രാജശേഖരന്‍

തൊടുപുഴ : ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ അലങ്കോലപ്പെടുത്തിയ സിപിഎം ഇടപെടല്‍ അപലപനീയമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. പരാജയ ഭീതി മൂലമാണ് സിപിഎം ഇത്തരം ശ്രമങ്ങള്‍ നടത്തുന്നത്. പലയിടങ്ങളിലും സമാനമായ പ്രകോപനം സൃഷ്ട്ടിക്കാന്‍ സിപിഎം ശ്രമിക്കുന്നുണ്ട്. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് ആറ്റിങ്ങലിലെ അതിക്രമം നടന്നിട്ടുള്ളത്. ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച് ഇതിനിടയിലൂടെ കടന്നു കയറി വിജയിക്കാം എന്ന വ്യാമോഹമാണ് സിപിഎമ്മിനെന്നും കുമ്മനം ആരോപിച്ചു.

ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.സംഗീത വിശ്വനാഥന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളുടെ ഭാഗമായി തൊടുപുഴയില്‍ എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സിപിഎമ്മിന് വിഭ്രാന്തിയാണ്. അവര്‍ ജനാധിപത്യമൂല്യങ്ങള്‍ കുഴിച്ചുമൂടുന്നു. അനില്‍ ആന്റണിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അനില്‍ ആന്റണി തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ നിലപാട് സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കണമെന്നതില്‍ തെറ്റില്ല. കാലഘട്ടത്തിന് അനുസരിച്ച് അതാത് സ്ഥലങ്ങളിലെ ജനങ്ങളുടെ ഹൃദയവുമായും വൈകാരികമായും ബന്ധപ്പെട്ടിരിക്കുന്ന പേരുകള്‍ നല്‍കുന്നത് സ്വഭാവികമാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!