ChuttuvattompoliticsThodupuzha

കോണ്‍ഗ്രസ് ഒളിച്ചോടുന്നു : മുന്‍ എംഎല്‍എ സുലൈമാന്‍ റാവുത്തര്‍

തൊടുപുഴ : മതേതര കാഴ്ചപ്പാടുകള്‍ക്കെതിരെ വെല്ലുവിളിയുയര്‍ത്തുന്ന സവര്‍ണ ഫാസിസ്റ്റ് വര്‍ഗീയതയെ നേരിടാന്‍ ധൈര്യമില്ലാത്ത കോണ്‍ഗ്രസ് ഒളിച്ചുകളിക്കുകയാണെന്ന് മുന്‍ എംഎല്‍എ പി.പി സുലൈമാന്‍ റാവുത്തര്‍. സി.പി.എമ്മില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ച് തൊടുപുഴയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങളെയും ദളിത്, ആദിവാസി വിഭാഗങ്ങളെയും ചേര്‍ത്തുനിര്‍ത്തിയാല്‍ ഭൂരിപക്ഷ വോട്ടുകള്‍ നഷ്ടപ്പെടുമെന്ന ഭയമാണ് കോണ്‍ഗ്രസിന്. പൗരത്വ ഭേദഗതി നിയമത്തെ ദേശീയതലത്തില്‍ ഫലപ്രദമായി എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. അവര്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിലൊന്നും നേരിയ പ്രതിഷേധം പോലുമുണ്ടായില്ല. കേരളത്തില്‍ ഇടതുപക്ഷവും മുസ്ലീം ലീഗും പ്രതിഷേധിച്ചപ്പോഴാണ് മടിയോടെയാണെങ്കിലും കോണ്‍ഗ്രസ് രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ മുസ്ലീം ലീഗിന്റെ കൊടി അഴിച്ചുമാറ്റിയിരിക്കുന്നു. ഉത്തരേന്ത്യയിലെ സവര്‍ണ വിഭാഗങ്ങളെ ഭയന്നാണ് ലീഗിനെ മാറ്റിനിര്‍ത്തിയത്. രാജ്യത്തെ മതനിരപേക്ഷതയ്ക്ക് മങ്ങലേറ്റപ്പോള്‍ പ്രതിരോധമുയര്‍ത്താന്‍ കോണ്‍ഗ്രസിനായില്ല. കൂടുതല്‍ ഇടതുപക്ഷ എം.പിമാരെ പാര്‍ലമെന്റിലെത്തിക്കുകയാണ് ഏറ്റവും ശക്തമായ പ്രതിരോധ മാര്‍ഗം. ഇതിന് കഴിയുന്ന സംസ്ഥാനമാണ് കേരളം. കോണ്‍ഗ്രസിനെ തിരുത്താന്‍ പ്രബലമായ ഇടതുപക്ഷ നിരവേണമെന്നും അദ്ദേഹം പറഞ്ഞു.

നേരിട്ടത് കടുത്ത അവഗണന

മൂന്നുവര്‍ഷമായി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ താനില്ല. ഈ കാലഘട്ടത്തിലുണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ വിലയിരുത്തി ആലോചിച്ച് എടുത്ത തീരുമാനമാണിത്. പാര്‍ട്ടിയില്‍ താന്‍ നേരിട്ടത് കടുത്ത അവഗണനയാണ്. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയല്ല. നേരത്തേ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് എല്ലാം തീരുമാനിച്ചിരുന്നു. ഇപ്പോഴത് വി.ഡി സതീശനും സുധാകരനുമാണ്. സുധാകരനെയും സതീശനെയും ബന്ധപ്പെടാന്‍ പലവട്ടം ശ്രമിച്ചിട്ടും സാധിച്ചില്ല. ഇരുവരും തിരിച്ചും ബന്ധപ്പെടാന്‍ ശ്രമിച്ചില്ല. മൂന്നുവര്‍ഷമായി ഒന്ന് അന്വേഷിക്കുക പോലും ചെയ്യാതിരുന്നവര്‍ തെരഞ്ഞെടുപ്പ് എത്തിയപ്പോള്‍ സ്ഥാനമാനങ്ങള്‍ നല്‍കുന്നത് ശരിയല്ല. തന്റെ അംഗത്വം പുതുക്കിയിട്ട് പോലുമില്ലെന്ന് അറിയാത്ത കുത്തഴിഞ്ഞ പാര്‍ട്ടി സംവിധാനവും നേതൃത്വവുമാണ് കോണ്‍ഗ്രസ്. തനിക്ക് മത്സരിക്കാന്‍ ഒരു പഞ്ചായത്ത് സീറ്റ് പോലും തരാത്തവരാണ് കോണ്‍ഗ്രസുകാര്‍. തെരഞ്ഞെടുപ്പ് പ്രചാരണ തൊഴിലാളിയായി മാത്രമാണ് തന്നെ കണ്ടിട്ടുള്ളത്. ഇത്തരത്തില്‍ അപമാനിക്കപ്പെട്ട നിരവധി നേതാക്കള്‍ സംസ്ഥാനത്തുണ്ട്. ഡീന്‍ കുര്യാക്കോസ് വീട്ടില്‍വന്ന് കണ്ടപ്പോഴും മൂന്നുവര്‍ഷമായി നിങ്ങളെല്ലാം എവിടെയായിരുന്നു എന്ന് നേരിട്ട് ചോദിച്ചതാണ്. കാര്യപ്രാപ്തിയുള്ള ആളല്ല ഡീനെന്നും സുലൈമാന്‍ റാവുത്തര്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!