ChuttuvattomThodupuzha

കര്‍ഷകര്‍ക്കിടയിലും ഉപഭോക്താക്കള്‍ക്കിടയിലും പുതിയ ഉണര്‍വ്വ് സൃഷ്ടിച്ച് നാട്ടുചന്തകള്‍

തൊടുപുഴ : കാഡ്‌സിന്റെ നേതൃത്വത്തില്‍ നബാര്‍ഡിന്റെ സഹകരണത്തോടെ ആരംഭിച്ച നാട്ടുചന്തകള്‍ കര്‍ഷകര്‍ക്കിടയിലും ഉപഭോക്താക്കള്‍ക്കിടയിലും പുതിയ ഉണര്‍വ്വ് സൃഷ്ടിച്ചു. കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍,കുമാരമംഗലം പഞ്ചായത്തുകളില്‍ ആണ് നാട്ടുചന്തകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പഴയകാല ചന്തകളുടെ പുനരാവിഷ്‌കരണമാണ് നാട്ടുചന്തകളുടെ പ്രത്യേകത. ഒരു കര്‍ഷകന്റെ വീട്ടുമുറ്റമാണ് നാട്ടുചന്തയായി രൂപം കൊള്ളുന്നത്.

ഉല്‍പ്പന്നങ്ങളുമായി എത്തുന്ന കര്‍ഷകര്‍ വീട്ടുമുറ്റത്ത് ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് ഉല്പ്പന്നങ്ങള്‍ വാങ്ങുകയും പണം അപ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് കൈമാറുകയും ചെയ്യുന്നു. ഇതിനിടയില്‍ കമ്മീഷനോ മറ്റ് ഫീസുകളോ ഈടാക്കുന്നില്ല എന്നതാണ് നാട്ടുചന്തയുടെ ഏറ്റവും വലിയ ആകര്‍ഷണം. ആവശ്യം കൂടുതലാണെങ്കില്‍ മുന്‍കൂട്ടി നിശ്ചയിച്ച വിലയില്‍ കൂടുതല്‍ കര്‍ഷകര്‍ക്ക് ലഭിക്കും. എന്നാല്‍ നിശ്ചയിക്കപ്പെട്ട വിലയില്‍ കുറയുകയുമില്ല എന്നതാണ് മറ്റൊരാകര്‍ഷണം. നാട്ടുചന്തയുടെ സമയം വൈകിട്ട് 4 മുതല്‍ 6 വരെയാണ്. 6ന് ശേഷം മിച്ചം വരുന്ന ഉല്‍പ്പന്നങ്ങള്‍ രൊക്കവിലയ്ക്ക് കാഡ്‌സ് മാര്‍ക്കറ്റുകളിലേക്ക് കൊണ്ടുപോകും.

3 പഞ്ചായത്തുകളിലുമായി 40000 രൂപയുടെ ഉല്‍പ്പന്നങ്ങള്‍ എത്തിച്ചേര്‍ന്നു. ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവും നാട്ടുചന്തകളെ ശ്രദ്ധേയമാക്കുന്നു. സാധാരണയുള്ള പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവയ്ക്ക് പുറമേ പേരയ്ക്ക, ചാമ്പങ്ങ, കപ്പളങ്ങ,സ്റ്റാര്‍ ഫ്രൂട്ട്,മുട്ടപ്പഴം, ആനിക്കാവിള മള്‍ബറി പഴം, വമ്പിളി നാരങ്ങ, ആത്തപ്പഴം, മൂട്ടിപ്പഴം,പൂച്ചപ്പഴം, കറിവേപ്പില, മുരിങ്ങയില, മത്തയില,തഴുതാമ, വാളംപുളിയില കൂമ്പ്, കറുത്ത ചേമ്പ്, ഇരുമ്പന്‍പുളി, നിത്യവഴുതന, അമ്പഴങ്ങ, അടതാപ്പ്,വാഴപ്പിണ്ടി, ചക്ക, ചക്കക്കുരു, വാഴച്ചുണ്ട്, ചെമ്മീന്‍ പുളി, കോഴിമുട്ട, കാടമുട്ട, ചെറുതേന്‍ തുടങ്ങിയവ നാട്ടുചന്തകളെ അക്ഷരാര്‍ത്ഥത്തില്‍ നാട്ടുചന്തകളാക്കുന്നു.

നാട്ടുചന്തകളുടെ ഉദ്ഘാടനം കാഡ്‌സ് ചെയര്‍മാന്‍ ആന്റണി കണ്ടിരിക്കല്‍ നിര്‍വഹിച്ചു. കരിമണ്ണൂര്‍ നാട്ടുചന്തയുടെ ആദ്യ സ്പോര്‍ട്പര്‍ച്ചേസ് കരിമണ്ണൂര്‍ എഫ്. സി കോണ്‍വെന്റ് മദര്‍ സി. എമിലിയും ഉടുമ്പന്നൂര്‍ നാട്ടുചന്തയിലെ ആദ്യ സ്പോര്‍ട്പര്‍ച്ചേസ് സാജു മാമ്മൂട്ടിലും കുമാരമംഗലം നാട്ടുചന്തയിലെ ആദ്യ സ്പോര്‍ട്പര്‍ച്ചേസ് സാലി തോമസും നിര്‍വഹിച്ചു. എല്ലാ ആഴ്ചകളിലും നടക്കുന്ന ഈ ചന്ത കരിമണ്ണൂര്‍ പഞ്ചായത്തില്‍ ശനിയാഴ്ചയും ഉടുംമ്പന്നൂര്‍ പഞ്ചായത്തില്‍ ഞായറാഴ്ചയും കുമാരമംഗലം പഞ്ചായത്തില്‍ തിങ്കളാഴ്ചയും നടക്കും. ഏപ്രില്‍ മാസത്തില്‍ വെള്ളിയാമറ്റം, ലക്കോട് പഞ്ചായത്തുകളില്‍ നാട്ടുചന്തകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കാഡ്‌സ് ചെയര്‍മാന്‍ ആന്റണി കണ്ടിരിക്കല്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!