ChuttuvattomThodupuzha

സി.പി.ഐ കെ.എസ് കൃഷ്ണപിള്ള ദിനാചരണം സംഘടിപ്പിച്ചു

തൊടുപുഴ: നവകേരള സദസില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ട് നില്‍ക്കുന്നത് ഖേദകരമാണെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവംഗവും മുന്‍ കൃഷിവകുപ്പ് മന്ത്രിയുമായ മുല്ലക്കര രത്നാകരന്‍. അവര്‍ ജനാധിപത്യ രീതിയില്‍ നിന്നും പിന്തിരിഞ്ഞിരിക്കുകയാണ്. ഭരണകക്ഷിയേക്കാള്‍ ജനങ്ങളോട് കൂറുള്ളവരും അടുത്ത് നില്‍ക്കേണ്ടവരുമായിരിക്കണം പ്രതിപക്ഷം. എന്നാല്‍ അവര്‍ അവരുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ച് ഓടുകയാണ്. സി.പി.ഐ തൊടുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കെ.എസ് കൃഷ്ണപിള്ളയുടെ 74-ാമത് രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോര്‍പ്പറേറ്റ് പ്രീണന നയവുമായി മുന്നോട്ടു പോകുന്ന ബി.ജെ.പിയെ പോലുള്ള രാഷ്ട്രീയ പാര്‍ട്ടികളെ പുകഴ്ത്തുമ്പോള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും ആശയങ്ങളെയും എല്ലാം തുരങ്കം വയ്ക്കുന്ന സമീപനമാണ് നവമാധ്യമങ്ങള്‍ ഭരിക്കുന്ന കോര്‍പ്പറേറ്റുകള്‍ നടത്തുന്നത്. എല്ലാ മേഖലയിലും പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുന്ന കേരളത്തെ കേന്ദ്രവും ബഹിഷ്‌ക്കരിച്ചുകൊണ്ടിരിക്കുന്നു. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വിഹിതങ്ങള്‍ നല്‍കേണ്ടതില്ലെന്നാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യം ഗുരുതരമായിട്ടുള്ള പ്രതിസന്ധിഘട്ടങ്ങളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. തെറ്റുകള്‍ ചോദ്യം ചെയ്യാനും തെറ്റുകള്‍ തിരുത്താനും ചൂണ്ടിക്കാണിക്കാനും വിമര്‍ശിക്കാനും കഴിഞ്ഞാലെ കേരളത്തിന്റെ ഭാവി തലമുറയെ വാര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളു. കെ.എസ് കൃഷ്ണപിള്ളയെ പോലെയുള്ള ധീര രക്തസാക്ഷികള്‍ എല്ലാ തലമുറയ്ക്കും എന്നും മാര്‍ഗദര്‍ശിയാണെന്നും ജനങ്ങളുടെ ഇടയില്‍ കൃഷ്ണപിള്ള ഇനിയും ജീവിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജില്ലാ കൗണ്‍സില്‍ അംഗം മുഹമ്മദ് അഫ്സല്‍ അധ്യക്ഷതവഹിച്ചു. തൊടുപുഴ മണ്ഡലം സെക്രട്ടറി വി.ആര്‍ പ്രമോദ് സ്വാഗതം പറഞ്ഞു. സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.കെ അഷ്റഫ്, സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ മാത്യു വര്‍ഗീസ്, പി.പി ജോയി, എബി ഡി. കോലോത്ത്, മുതിര്‍ന്ന അംഗം പി.കെ പുരുഷോത്തമന്‍, മണ്ഡലം സെക്രട്ടറിയേറ്റംഗങ്ങളായ പി.എസ് സുരേഷ്, കെ.കെ രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. മൂലമറ്റം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുട്ടത്ത് നടന്ന കെ.എസ് കൃഷ്ണപിള്ള രക്തസാക്ഷി ദിനാചരണം നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ കെ.എ സന്തോഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സി.അംഗം കെ.കെ അഷ്റഫ്, സംസ്ഥാന കൗണ്‍സിലംഗം കെ.കെ ശിവരാമന്‍, ജില്ലാ അസി.സെക്രട്ടറി പ്രിന്‍സ് മാത്യൂ എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!