ChuttuvattomThodupuzha

ജില്ലയില്‍ പട്ടയനടപടികള്‍ തടസപ്പെടുത്തണമെന്നത് സിപിഎം തീരുമാനം : ഡീന്‍ കുര്യാക്കോസ് എംപി 

തൊടുപുഴ : ജനുവരി 10 ന് ഹൈക്കോടതി സ്‌പെഷ്യല്‍ ബെഞ്ച് പട്ടയനടപടികള്‍ നിര്‍ത്തിവക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചതിനു ശേഷം എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുന്നത് ദുരൂഹമാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി. ജില്ലയിലെ സിപിഎം നേതൃത്വത്തിന്റെ ഒത്താശയിലാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് അവകാശപ്പെട്ട പട്ടയം ലഭിക്കുന്നത് തുടരുവാന്‍ നടപടി സ്വീകരിക്കണമെന്ന് കോടതിയില്‍ ആവശ്യമുന്നയിക്കാത്തത്. 1964 റൂള്‍ അനുസരിച്ച് പട്ടയനടപടികള്‍ നിര്‍ത്തിവക്കണം എന്ന നിലയില്‍ പുറത്തുവന്ന കോടതി വിധി റദ്ദു ചെയ്യണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച തനിക്കെതിരെ നടത്തുന്നത് വെറും വ്യാജ പ്രചരണങ്ങള്‍ മാത്രമാണ്.

സിപിഎം ആരോപിക്കുന്നത് താന്‍ പരിസ്ഥിതി സംഘടനക്ക് അനുകൂലമാണെന്നാണ്. എന്നാല്‍ താന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എവിടെയെങ്കിലും പരിസ്ഥിതി സംഘടനയ്ക്ക് അനുകൂലമായി പറഞ്ഞിട്ടുണ്ടെങ്കില്‍ അതു കാണിച്ചു തരാന്‍ വെല്ലുവിളിക്കുന്നു. മറിച്ച് ഇടുക്കി ജില്ല ക്കെതിരായ അവരുടെ ആവശ്യങ്ങളെ ചോദ്യം ചെയ്യുകയാണ് ചെയ്തിട്ടുള്ളത്. താന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നിവേദിത പി. ഹരന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടതായി കളവു പറഞ്ഞു. എന്നാല്‍ ഈ റിപ്പോര്‍ട്ടിന്റെ പേരില്‍ 1964 ചട്ടങ്ങളില്‍ കള്ള പട്ടയമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മൂന്നാര്‍ സബ്കളക്ടറുടെ നേതൃത്വത്തില്‍ ടീമിനെ നിയോഗിച്ചിട്ടുള്ള വിവരം ചൂണ്ടികാണിച്ചിട്ടുണ്ട്. 1964 റൂള്‍ അനുസരിച്ച് 71 ഭേദഗതി പ്രകാരം 1971 ന് മുമ്പ് കുടിയേറി താമസിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും പട്ടയത്തിന് അവകാശമുണ്ട്.ഇതില്‍ വ്യാജ രേഖ ചമച്ചും, സര്‍ക്കാരിനെ പറ്റിച്ചും, ഉദ്യോഗസ്ഥരെ സ്വാധീനിച്ചും കള്ള പട്ടയമുണ്ടാക്കിയവര്‍ക്കെതിരെ സര്‍ക്കാര്‍ തന്നെ നടപടി സ്വീകരിച്ചിട്ടുള്ളതാണ്. ആ നിലയില്‍ കൊട്ടക്കാമ്പൂര്‍ വില്ലേജില്‍ കള്ള പട്ടയം റദ്ദു ചെയ്തിട്ടുണ്ട്.വ്യാജ പട്ടയക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടതിനു പകരം എല്ലാവരും വ്യാജ പട്ടയക്കാരാണെന്ന് ഹര്‍ജിക്കാര്‍ പറയുന്നതനുസരിച്ച് കോടതി ഉത്തരവിറക്കിയാല്‍ അതിനെ ചോദ്യം ചെയ്യണം. അതിനു പകരം തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരും, നേതാക്കളും കള്ള പട്ടയമുണ്ടാക്കി നടപടി നേരിടുമ്പോള്‍ ജില്ലയില്‍ എമ്പാടും വ്യാജ പട്ടയമാണന്ന് പറഞ്ഞ് പാവപ്പെട്ട കര്‍ഷകരുടെ അവകാശം നിഷേധിക്കുന്നത് ശരിയല്ല.1964 റൂള്‍ അനുസരിച്ച് അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പട്ടയം ലഭിക്കുന്നതിനായുള്ള നിയമ പോരാട്ടം തുടരുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!