Local LiveMoolammattam

കുട്ടികര്‍ഷകന്‍ മാത്യു ബെന്നിക്ക് സിപിഎമ്മിന്റെ സഹായം; മൂന്ന് പശുക്കളെ നല്‍കി

മൂലമറ്റം: വെള്ളിയാമറ്റത്തെ കുട്ടി കര്‍ഷകന്‍ മാത്യു ബെന്നിക്കും കുടുംബത്തിനും സിപിഎമ്മിന്റെ നേതൃത്വത്തില്‍ പശുക്കളെ എത്തിച്ച് നല്‍കി. തമിഴ്‌നാട്ടിലെ ഫാമില്‍ നിന്ന് എത്തിച്ച എച്ച്.എഫ് ഇനത്തിലുള്ള മൂന്ന് പശുക്കളെയാണ് സി.പി.എം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസും സംഘവും വീട്ടിലെത്തി കൈമാറിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കപ്പത്തൊലി കഴിച്ച് ഫാമിലെ 13 പശുക്കള്‍ ഒന്നൊന്നായി ചത്തുവീണത്. സംഭവമറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാത്യുവിനെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിക്കുകയും പശുക്കളെ നല്‍കാമെന്നും അറിയിച്ചിരുന്നു. തുടര്‍ന്ന് കുടുംബത്തിന് മൂന്ന് പശുക്കളെ നല്‍കുമെന്ന് സിപിഎമ്മിന് വേണ്ടി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് മാത്യുവിന്റെ വീട്ടിലെത്തി നേരിട്ടും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സിപിഎം ജില്ലാ കമ്മിറ്റി, കര്‍ഷക സംഘം ജില്ലാ കമ്മിറ്റി, സിപിഎം മൂലമറ്റം ഏരിയ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തില്‍ ഓരോ പശുകളെ വീതമാണ് നല്‍കിയത്. കര്‍ഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍, പാര്‍ട്ടി മൂലമറ്റം ഏരിയ സെക്രട്ടറി ടി.കെ ശിവന്‍ നായര്‍ എന്നിവരാണ് സി.വി വര്‍ഗീസിനൊപ്പം പശുക്കളെ കൈമാറിയത്. സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം എം.ജെ മാത്യു, ജില്ലാ കമ്മിറ്റിയംഗം കെ.എല്‍ ജോസഫ്, കര്‍ഷക സംഘം സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം പി.പി ചന്ദ്രന്‍, ഏരിയ സെക്രട്ടറി പി.ഡി സുമോന്‍, കെ.എസ് ജോണ്‍, ടെസിമോള്‍ മാത്യു,പഞ്ചായത്തംഗം ഇ.കെ കബീര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

 

Related Articles

Back to top button
error: Content is protected !!